വേണ്ടപ്പെട്ടവർക്ക് ചട്ടം ബാധകമല്ല; എയ്ഡഡ് കോളേജ് അധ്യാപക നിയമനങ്ങൾ യുജിസി നിബന്ധന പ്രകാരം നടപ്പാക്കാൻ സർവ്വകലാശാലകൾ കോളേജുകളെ അനുവദിക്കുന്നില്ല

തിരുവനന്തപുരം: സർവ്വ ചട്ടങ്ങളും ലംഘിച്ച് വേണ്ടപ്പെട്ടവർക്ക് അനധികൃത നിയമനങ്ങൾ നൽകുന്ന സർവ്വകലാശാലകൾ എയ്ഡഡ് കോളേജുകളിലെ അധ്യാപക നിയമനങ്ങൾ യുജിസി 2018 ൽ പുറപ്പെടുവിച്ച പുതിയ റെഗുലേഷൻ പ്രകാരം നടത്താൻ കോളേജ് മാനേജ്മെന്റുകളെ അനുവദിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. ഈ അക്കാദമിക് വർഷം എയ്ഡഡ് കോളേജുകളിൽ ആയിരത്തോളം ഒഴിവുകളാണുള്ളത്.

കാലിക്കറ്റ്,കണ്ണൂർ, എംജി, സർവ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലെ അധ്യാപക ഒഴിവുകൾ 2010 യുജിസി ചട്ടപ്രകാരം നടത്താനാണ് സർവ്വകലാശാലകൾ അനുമതി നൽകിയിരിക്കുന്നത്. ഇത് പുതിയ 2018 യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. കേരളയാകട്ടെ അതിന് കീഴിലുള്ള എല്ലാ എയ്ഡഡ് കോളേജ് അധ്യാപക നിയമനങ്ങളും നിർത്തി വയ്ക്കുവാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.

യുജിസിയുടെ 2018ലെ റെഗുലേഷൻ പ്രകാരം അപേക്ഷകരുടെ അക്കാദമിക സ്കോറിന്റെ അടിസ്ഥാനത്തിൽ ഇൻറർവ്യൂവിന് ക്ഷണിച്ച് ഇൻറർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിക്കേണ്ടത്. എത്ര പേരെ ഇൻറർവ്യൂവിന് ക്ഷണിക്കണമെന്ന് അതത് സ്ഥാപനങ്ങൾ നിശ്ചയിക്കേണ്ടതാണെന്ന് യുജിസി വ്യവസ്ഥയുള്ളതുകൊണ്ട് കോളേജുകൾക്ക് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാവുന്നതാണ്.

എന്നാൽ കേരള സർവകലാശാല അക്കാദമിക് കൗൺസിൽ ഒരു ഒഴിവിന് അഞ്ചുപേരെ ഇൻറർവ്യൂവിന് ക്ഷണിച്ചാൽ മതിയെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇതിന്മേൽ ഒരു തീരുമാനം കേരള സിണ്ടിക്കേറ്റ് കൈകൊള്ളത്തത് കൊണ്ടാണ് നിയമനങ്ങൾ നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്.

നിയമനങ്ങൾ സംബന്ധിച്ച് യുജിസി വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ളപ്പോൾ അതിന് ബദലായ മറ്റൊരു തീരുമാനം കൈക്കൊള്ളാൻ സർവകലാശാലകൾക്ക് അധികാരമില്ല.

കേരള യൂണിവേഴ്സിറ്റി 2010 റെഗുലേഷൻ പ്രകാരമാണ് കഴിഞ്ഞ വർഷം യൂണിവേഴ്സിറ്റി യിലെ അധ്യാപക തസ്തികകളിലേയ്ക്കുള്ള ഇൻറർവ്യൂ നടത്തിയത്.ഇത് ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഒരു ഒഴിവിലേക്ക് 20പേരെയും കൊച്ചിൻ യൂണിവേഴ്സിറ്റി 10 പേരെയും കണ്ണൂർ യൂണിവേഴ്സിറ്റി യോഗ്യത യുള്ള എല്ലാ അപേക്ഷകരെയും സംസ്കൃത സർവകലാശാല 60 മാർക്ക് സ്കോർ പോയിൻറ് ഉള്ള വരേയും ഇന്റർവ്യൂവിന് ക്ഷണിച്ചു് നിയമനങ്ങൾ നടത്തിയിരിക്കുമ്പോഴാണ്‌ എയ്ഡഡ് കോളേജുകളിൽ വ്യത്യസത മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്.

2018 ലെ യുജിസി മാനദണ്ഡപ്രകാരം സർവ്വകലാശാലകൾ ഇന്റർവ്യൂനടത്തിയത് സ്കോർ പോയിന്റ് കുറഞ്ഞ സിപിഎം നേതാക്കളുടെ ഭാര്യമാരെ സ്കോർ പരിധിയിൽ ഉൾപ്പെടുത്തി നിയമനങ്ങൾ നൽകുന്നതിനാണെന്നു നേരത്തെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നു.

എയ്ഡഡ് കോളേജുകളിലെ അധ്യാപക നിയമനങ്ങൾ 2018 ലെ യു ജിസി വ്യവസ്ഥകൾ പ്രകാരം നടത്തണമെന്നും അതിനുള്ള അധികാരം അതത് കോളേജ് മാനേജ്മെൻറ്കൾക്ക് നൽകാനുള്ള നിർദ്ദേശം സർവകലാശാലകൾക്ക് നൽകണമെന്നതുമാണ് മാനേജ്മെന്റുകളുടെ ആവശ്യം.