ഐപിഎല്‍: തുടര്‍ മത്സരങ്ങള്‍ക്കായി താരങ്ങളെ വിടില്ല; ടെസ്റ്റ് പരമ്പരയും മാറ്റാനാവില്ലെന്ന് ഇംഗ്ലണ്ട്

ലണ്ടന്‍: ബയോബബിളിലും കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് റദ്ദാക്കിയ ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ക്കായി തങ്ങളുടെ താരങ്ങളെ അയക്കില്ലെന്ന് ഇംഗ്ലണ്ട്. ഐപിഎല്‍ പുനരാരംഭിച്ചാലും താരങ്ങളെ അയക്കുന്ന കാര്യം പരിഗണിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎള്‍ സീസണ്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ആഷ്‌ലി ജൈല്‍സ് ആണ് തീരുമാനങ്ങള്‍ അറിയിച്ചത്.

സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ഐപിഎല്ലിന് വേണ്ടി ബിസിസിഐ പരിഗണിക്കുന്നത്. എന്നാല്‍ ഈ സമയം ഇംഗ്ലണ്ടിന് ബംഗ്ലാദേശിനും പാകിസ്ഥാനുമെതിരായ പരമ്പരയുണ്ട്. ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് നടക്കാനിരിക്കുന്നതും സെപ്തംബറിലാണ്. ഇതിന് ശേഷം ബംഗ്ലാദേശ് പര്യടനത്തിനായി ഇംഗ്ലണ്ട് ടീം പോകുമെന്നും ആഷ്‌ലി ജൈല്‍സ് പറഞ്ഞു.

ബംഗ്ലാദേശ് പര്യടനത്തിന് ശേഷം പാകിസ്ഥാനിലും ഇംഗ്‌ളണ്ടിന് മത്സരമുണ്ട്. ഇത് പൂര്‍ത്തിയാകുന്ന പക്ഷം ടി20യ്ക്ക് മുന്നോടിയായി ഇടവേള ലഭ്യമാകുന്നുണ്ടെങ്കിലും ആഷസിനായി കളിക്കാരെ തയ്യാറാക്കുകയാണ് ലക്ഷ്യമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നു.

ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലിന് എത്താതിരുന്നാല്‍ അത് ടീമുകള്‍ക്ക് തിരിച്ചടിയാകും. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്ക്‌സ് എന്നിവരുടെ നഷ്ടം നികത്താന്‍ കഴിയാതെ പ്രതിസന്ധി നേരിടുന്ന രാജസ്ഥാന്‍ റോയല്‍സിന് ബട്ട്‌ലറെ ആഭാവം കൂടി താങ്ങാന്‍ കഴിയുന്ന സ്ഥിതിയല്ല. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ആകട്ടെ നഷ്ടമാകുന്നത് തങ്ങളുടെ നായകനെ ആയിരിക്കും.