മുംബൈ: പെട്രോള്‍ വില രാജ്യത്ത് പലയിടങ്ങളിലും ‘സെഞ്ച്വറി’ വേഗത്തിൽ കുതിക്കുന്നു. രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ പലയിടത്തും പെട്രോള്‍ വില ഉയര്‍ന്ന് ലിറ്ററിന് നൂറുരൂപയിലെത്തി.
മഹാരാഷ്ട്രയില്‍ താനെ ജില്ലയില്‍ പെട്രോളിന് നൂറു രൂപ കടന്നു. രാജ്യത്തിന്റെ വ്യവസായിക തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍വില ലിറ്ററിന് 99.94 രൂപയാണ്. ഈ മാസം 14ാം തവണയാണ് വില വര്‍ധിക്കുന്നത്. താനെയില്‍ പെട്രോള്‍ ലിറ്ററിന് 100.06 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ ലിറ്ററിന് 91.99 രൂപയും. മുംബൈയില്‍ ഡീസലിന് 91.87 രൂപയാണ്.
രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലാണ് രാജ്യത്ത് പെട്രോളിന് ഏറ്റവും വില കൂടുതൽ. ലിറ്ററിന് 104. 67 രൂപയാണ് ഗംഗാനഗറിലെ വില. ഇവിടെ ഡീസല്‍ വില ഉയര്‍ന്ന് 97.49 രൂപയിലെത്തി. ഈ മാസം 14 തവണയായി പെട്രോളിന് മൊത്തം 3.28 രൂപ വര്‍ധിച്ചപ്പോള്‍ അതിനേക്കാള്‍ വര്‍ധനവാണ് ഡീസല്‍വിലയിലുണ്ടായത് -3.88 രൂപ.
ഡെല്‍ഹിയില്‍ പെട്രോള്‍ വില 93.84ഉം ഡീസലിന് 84.61ഉം ആണ്. നികുതിയിലുള്ള വ്യത്യാസം കാരണമാണ് വിവിധ സംസ്ഥാനങ്ങളിലെ പെട്രോള്‍-ഡീസല്‍ വിലകള്‍ വേറിട്ടു നില്‍ക്കുന്നത്. രാജസ്ഥാനാണ് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്നത്. തൊട്ടുപിന്നില്‍ മധ്യപ്രദേശും മഹാരാഷ്ട്രയുമാണ്.