കളിക്കളത്തിലേക്ക് ഇറങ്ങാന്‍ ഷൂ വേണം, സ്‌പോണ്‍സറെ തേടി സിംബാബ്വെ താരം; വൈകാരിക കുറിപ്പ്

ഹരാരെ: ഓരോ മത്സരങ്ങള്‍ക്ക് ശേഷവും ഷൂ പശവെച്ച് ഒട്ടിച്ച് മടുത്തു. പുതിയ ഷൂ വാങ്ങാന്‍ സ്‌പോണ്‍സര്‍ കിട്ടുമോയെന്ന് ആരാഞ്ഞ് സിംബാബ്വെ ക്രിക്കറ്റ് താരം. സിംബാബ്വെ അന്താരാഷ്ട്ര ക്രിക്കറ്റ് താരം റയാന്‍ ബ്രള്‍ ആണ് സ്‌പോണ്‍സറെ തേടി ട്വിറ്ററില്‍ പോസ്റ്റ് ഇട്ടത്. ഷൂ പശ വെച്ച് ഒട്ടിക്കുന്ന ഫോട്ടോ സഹിതമാണ് റയാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

എല്ലാ മത്സരങ്ങള്‍ക്ക് ശേഷവും ഷൂ പശചെയ്ത് മടുത്തു, ഞങ്ങള്‍ക്ക് ഒരു സ്‌പോണ്‍സറെ കിട്ടുമോ – റയാന്‍ ബ്രള്‍ ചോദിക്കുന്നു. സിംബാബ്‌വെ ദേശീയ ടീം അംഗമായ ബ്രളിന്റെ പോസ്റ്റ് വളരെ വേദനയോടെയാണ് ആരാധകര്‍ നോക്കികാണുന്നത്. അടുത്തിടെ പാകിസ്ഥാനെതിരെയുള്ള മത്സരത്തിലും അംഗമായിരുന്നു ബ്രള്‍

വൈകാരികമായ അഭ്യര്‍ത്ഥന സിംബാബ്‌വേ ക്രിക്കറ്റ് ടീമിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എടുത്തു കാ്ട്ടുന്നതാണെന്ന് ആരോപിച്ച് ബ്രളിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് എതിരേയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഒരു കാലത്ത് സൂപ്പര്‍ താരങ്ങള ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച സിംബാബ്‌വേയില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്തയെത്തുന്നത്. ഹീത്ത് സ്ട്രീക്ക്, അലിസ്റ്റര്‍ കാമ്പ്ബെല്‍, ആന്‍ഡി, ഗ്രാന്റ് ഫ്‌ലവര്‍, ടാറ്റെന്‍ഡ തായ്ബു, ഹെന്റി ഒലോംഗ, നീല്‍ ജോണ്‍സണ്‍ എന്നിവരുമായി സിംബാബ്വെയില്‍ കഴിവുള്ള ഒരു ടീം ഉണ്ടായിരുന്നു. എന്നിരുന്നാലും, കഴിവുറ്റ അത്തരം കളിക്കാരുടെ വിരമിച്ചതിനൊപ്പം സിംബാബ്വെയിലെ ക്രിക്കറ്റിന്റെ നിലവാരം കുറഞ്ഞു.

90 കളുടെ അവസാനത്തിലും 2000 ത്തിന്റെ തുടക്കത്തിലും സിംബാബ്വെ ക്രിക്കറ്റ് ടീം മറ്റ് ടീമുകള്‍ക്ക് പേടി സ്വപ്‌നം തന്നെയായിരുന്നു. പഴയ പ്രതാപം നഷ്ടമായതും ക്രിക്കറ്റ് നേതൃത്വത്തിലുണ്ടായ അഴിമതിയുമാണ് കളിക്കാര്‍ക്ക് ബ്രള്‍ പങ്കുവച്ചത് പോലെയുള്ള അവസ്ഥ ഉണ്ടാക്കികൊടുത്തത്. സിംബാബ്‌വേയ്ക്കായി മൂന്ന് ടെസ്റ്റുകളും 18 ഏകദിനങ്ങളും 25 ട്വി20 മത്സരങ്ങളും കളിച്ച താരമാണ് ഇരുപത്തേഴുകാരനായ റയാന്‍ ബ്രള്‍.