ആദ്യം മമ്മൂട്ടിയോടൊപ്പവും അവസാനം മോഹൻലാലിനോടൊപ്പവും; രഘു നായകൻ മമ്മൂട്ടി സഹനടൻ

കൊച്ചി: ആദ്യം മമ്മൂട്ടിയോടൊപ്പവും (മേള)അവസാനം മോഹൻലാലിനോടൊപ്പവും (ദൃശ്യം). ഒരൊറ്റ സിനിമയിൽ നക്ഷത്രമായി ഉദിച്ചു ഉയർന്നു മേള രഘു എന്ന ശശിധരൻ. കെ.ജി.ജോർജ്ജിന്റെ വിഖ്യാത ചിത്രമായ മേളയിലെ നായകൻ. ഏഷ്യയിൽ തന്നെ ആദ്യമായി ഒരു കുഞ്ഞൻ നായകനായ ചിത്രം. മമ്മൂട്ടി സഹനടൻ. സ്ക്രീനിൽ ആദ്യം തെളിയുന്ന പേര് രഘുവിന്റേത്. മമ്മൂട്ടിയുടെ പേര് നാലാമത്.

ബെൽ ബോട്ടൻപാന്റസും ,ബെൽട്ടും ചുണ്ടിലൊരുഫിൽട്ടർ സിഗരറ്റും ,കൈയ്യിൽ റേഡിയോയുമായി നടക്കുന്ന പൂത്ത കാശ് കൈയ്യിലുള്ള 13 വർഷത്തിന് ശേഷം സർക്കസ്സ് കൂടാരജീവിതത്തിൽ നിന്നും അവധിക്ക് നാട്ടിൽ എത്തുന്ന മേളയിലെ ഗോവിന്ദൻ കുട്ടിയെ പ്രേക്ഷകർ എങ്ങനെ മറക്കും?
ശാരദ എന്ന നായിക കഥാപാത്രമായി തെലുങ്ക് നടി അഞ്ജലി നായിഡു. ഗോവിന്ദൻ കുട്ടിയുടെ അമ്മയായി നാടക നടി ഇരിങ്ങൽ നാരായണി. ബാലൻ എന്ന ചെറുപ്പക്കാരനായി ശ്രീനിവാസൻ.

സർക്കസ്സ് കൂടാരത്തിലെ ബൈക്ക് അഭ്യാസിയായി സാക്ഷാൽ മമ്മൂട്ടി. പത്ത് സീനിൽ മാത്രം
സിനിമാ റിലീസായി ,കട ഉദ്ഘാടനങ്ങൾ ,സാംസ്ക്കാരിക സന്ധ്യകൾ ,കോളേജ് യൂണിയൻ ഉദ്ഘാടന വേദിയിലെ മുഖ്യ അതിഥി.. സ്ക്രീനിലും ,നാട്ടിലും രഘു സ്റ്റാർ ആയി.40 വർഷങ്ങൾ കടന്നു പോയി ..

സഞ്ചാരി ,മുഖചിത്രം ,കാവടിയാട്ടം ,ഇരിക്കൂ എം.ഡി അകത്തുണ്ട് ,അപൂർവ്വ സഹോദരങ്ങൾ ,വിനയപൂർവ്വം വിദ്യാധരൻ ,ഇന്ത്യൻ പ്രണയകഥ ,ദൃശ്യം ,ആകെ തപ്പിയാൽ 25 സിനിമയിൽ താഴെ ,പിന്നെ വേലു മാലു സർക്കസ്സ് എന്ന സീരിയലും ,കെ.പി.എ.സിയുടെ ഇന്നലകളിലെ ആകാശം എന്ന നാടകത്തിലും അഭിനയിച്ചു .

ഏപ്രിൽ 16 ന് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാൽ കുഴഞ്ഞ് വീഴുകയായിരുന്നു.

ആദ്യം ചേർത്തലയിലെ ആശുപത്രിയിലും, പിന്നീട് അമൃതയിൽ ഐ.സി യു വിലായിരുന്നു. ഡോക്ടർമാർ ഏറെ പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല. ഏപ്രിൽ 25 ന് ഏക മകൾ ശില്പയുടെ വിവാഹമായിരുന്നു. മേള രഘു ചികിൽസയിൽ ആയിരുന്നതിനാൽ വിവാഹം മാറ്റി വെച്ചു. മകളുടെ വിവാഹ ഒരുക്കങ്ങൾക്കായി ഓടി നടന്ന മേള രഘു അത് കാണാൻ വിധി തുണച്ചില്ല.

ചെങ്ങന്നൂർ രാധാകൃഷ്ണസദനത്തിൽരാമകൃഷ്ണപിള്ളയുടെയും, സരസ്വതി അമ്മയുടെയും മകൻ ശശിധരൻ കെ.ജി.ജോർജ്ജിന്റെ മേളയിൽ വന്നപ്പോൾ ആണ് രഘു ആയത്. ചിത്രം റിലീസ് ആയപ്പോൾ മേള രഘുവായി അറിയപ്പെട്ടു.കഴിഞ്ഞ 25 വർഷമായി ചേർത്തല കെ.വി.എംആശുപത്രിക്ക് സമീപം താമസിക്കുന്ന വാടക വീട്ടിലായിരുന്നു താമസം.

സ്ക്കൂൾ കാലം തൊട്ട് കലയുടെ വഴികളിലുടെയുള്ള നടത്തം .കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. പഠനം പാതിവഴിയിൽ നിലച്ചു. പിന്നെ സര്‍ക്കസിലേക്ക് കുഞ്ഞ്‌ ശരീരം കൊണ്ട് വലിയവരെ ചിരിപ്പിച്ചു.
1980 , കെ.ജി.ജോർജ്ജ് പുതിയ ചിത്രത്തിലേക്ക് കുഞ്ഞൻ നായകനെ തേടുന്നു സമയം. നടൻ ശ്രീനിവാസൻ സർക്കസ് കാണാൻ എത്തി.കുഞ്ഞൻ രഘുവിനെ ബോധിച്ചു.സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യം ഉണ്ടോ എന്ന് ചോദിച്ചു.കൂത്തുപറമ്പ് ,പാട്യം എന്നിവിടങ്ങളിൽ ആയിരുന്നു ഷൂട്ടിങ്. ഒരു ഗ്രാമം ഒന്നാകെ ഷൂട്ടിങ് കാണുവാൻ എത്തി