ഐപിഎല്ലിന് ശേഷവും നാട്ടിലേക്ക് മടങ്ങാനാവില്ല ; താരങ്ങളെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് അയക്കാന്‍ ഒരുങ്ങി ന്യൂസിലാന്‍ഡ്

വെല്ലിങ്ടണ്‍: ഐപിഎല്ലിന് ശേഷവും തങ്ങളുടെ താരങ്ങളെ നാട്ടിലേക്ക് മടക്കി വിളിക്കാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിന് അയക്കാന്‍ ഒരുങ്ങി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പ്ലേയേഴ്‌സ് അസോസിയേഷന്‍.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി പുറപ്പെടുന്ന ഇന്ത്യന്‍ ടീമിനൊപ്പം ന്യൂസിലാന്‍ഡ് താരങ്ങളേയും യുകെയിലേക്ക് എത്തിക്കാനാണ് അസോസിയേഷന്റെ ശ്രമമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഹീത്ത് മില്‍സ് പറഞ്ഞു.

ഐപിഎല്ലിന് ശേഷം ന്യൂസിലാന്‍ഡിലേക്ക് മടങ്ങിയാല്‍ കളിക്കാര്‍ 14 ദിവസം ക്വാറന്റൈനിലിരിക്കണം. ഇത് താരങ്ങളുടെ പ്രകടനത്തെ കൂടുതല്‍ ബാധിക്കും എന്ന് വിലയിരുത്തിയാണ് തീരുമാനമെന്ന് അസോസിയേഷന്‍ പറയുന്നു. കെയ്ന്‍ വില്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, ജാമിസണ്‍, മിച്ചല്‍ സാന്ത്‌നര്‍ ഉള്‍പ്പെടെ പത്ത് താരങ്ങളാണ് ഐപിഎല്ലില്‍ കളിക്കുന്നത്.

അതേസമയം ഇത്രയും നാള്‍ താരങ്ങള്‍ക്ക് നാട്ടില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുന്നത് പ്രയാസമാവും എന്ന വിലയിരുത്തലുമുണ്ട്. ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് ന്യൂസിലാന്‍ഡ് കളിക്കുന്നുണ്ട്.

ജൂണ്‍ രണ്ടിനാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഐപിഎല്‍ കളിക്കുന്ന നീഷാം, ആദം മില്‍നെ, ഫിന്‍ അലന്‍, തിം സീഫേര്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ടെസ്റ്റ് ടീമിന്റെ ഭാഗമല്ല.

ഓസ്‌ട്രേലിയന്‍ താരങ്ങളായ ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവരുടെ ഐപിഎല്ലില്‍ നിന്നുള്ള പിന്‍വാങ്ങല്‍ തങ്ങളുടെ താരങ്ങളെ ബാധിക്കില്ലെന്നും ഇന്ത്യയുടെ കൊറോണ സാഹചര്യങ്ങിള്‍ അവര്‍ ആശ്ങ്കപ്പെടുന്നില്ലെന്നും അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹീത്ത് മില്‍സ് വ്യക്തമാക്കി.