ഷൂ കടം വാങ്ങി കളിച്ച ഐപിഎല്‍ താരം; ഓട്ടോക്കാരന്റെ മകന്‍ ; ചേതന്‍ സക്കറിയ

മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ കെഎല്‍ രാഹുലിന്റേയും മായങ്ക അഗര്‍ വാളിന്റേയും വിക്കറ്റുകള്‍ വീണത് ചേതന്‍ സക്കറിയ എന്ന 23 കാരന്റെ നിഛ്ചയദാര്‍ഢ്യത്തിന്റെ മുന്നിലാണ് എന്ന് പറയാം . കാരണം ഐപിഎല്ലിലേയ്ക്കുള്ള ചേതന്റെ യാത്ര പ്രതിസന്ധികള്‍ ഏറെ പിന്നിട്ടാണ്.

ഗുജറാത്തിലെ ഭാവ്നഗര്‍ സ്വദേശിയായ ചേതന്‍ സക്കറിയ ഒരു ഓട്ടോ ഡ്രൈവറുടെ മകനാണ്. മകന്റെ സ്വപ്നത്തിന് സാമ്പത്തികമായി പിന്തുണ നല്‍കാന്‍ കഴിയാതിരുന്ന പിതാവ് പണക്കാരുടെ കളിയാണ് ക്രിക്കറ്റ് എന്നും പഠനത്തില് ശ്രദ്ധ നല്‍കാനും ഉപദേശിച്ചു. എന്നാല്‍ പിതാവിന്റെ വാക്കുകള്‍ ചേതനെ ക്രക്കറ്റ് മൈതാനത്തു നിന്നും പിന്തിരിപ്പിച്ചില്ല.

പതിനേഴാം വയസ്സില്‍ പരിക്കേറ്റതിന് ശേഷമുള്ള വര്‍ക്ക് ലോഡ് മാനേജ്മെന്റിനെക്കുറിച്ച് ചേതന് അറിയില്ലായിരുന്നു. 7-8 മാസം ഗെയിമില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്തു. ഈ സമയത്താണ് ചേതന്റെ അമ്മാവന്‍ ഒരു ഓഫര്‍ വയ്ക്കുന്നത്. അദ്ദേഹത്തിന്റെ സറ്റേഷനറി കടയില്‍ പാര്‍ട് ടൈമായി ജോലിക്ക് നിന്നാല്‍ പരിക്ക് നിന്നും മുക്തനാവാനുള്ള ചെലവ് അദ്ദേഹം വഹിക്കാമെന്നായിരുന്നു വാഗ്ദാനം.

രണ്ടാമത് ഒന്ന് ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. അമ്മാവന്റെ ഓഫര്‍ സ്വീകരിച്ച് കഠിനാധ്വാനം ചെയ്ത ചേതന്‍ സക്കറിയ അണ്ടര്‍ 19 സൗരാഷ്ട്ര ടീമില്‍ വൈകാതെ ഇടംപിടിച്ചു. തന്റെ ആദ്യ പ്രധാന ടൂര്‍ണമെന്റായ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ 6 കളികളില്‍ നിന്ന് 18 വിക്കറ്റുകള്‍ വീഴ്ത്തി. ചേതന്റെ പ്രകടനം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ശ്രദ്ധിക്കുകയും എംആര്‍എഫ് പേസ് ഫൗണ്ടേഷനിലേക്ക് അയക്കുകയും ചെയ്തു.

എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ ട്രയല്‍സ് വരെ സക്കറിയയ്ക്ക് ഒരു ജോഡി ഷൂസ് പോലും ഉണ്ടായിരുന്നില്ല. അതേസമയത്ത് ഭാവ്നഗറില്‍ നിന്നുള്ള മറ്റൊരു സ്റ്റാര്‍ കളിക്കാരനും നൈറ്റ് റൈഡേഴ്സ് താരവുമായ ഷെല്‍ഡന്‍ ജാക്സണ്‍ മറ്റൊരു ഓഫറുമായി എത്തി. പരിശീലനത്തിന് ഇടയില്‍ തന്നെ പുറത്താക്കിയാല്‍ പുതിയ ഷു വാങ്ങി നല്‍കാമെന്നായിരുന്നു ഷെല്‍ഡന്റെ ഓഫര്‍.

ഇടത് കൈ സ്വിംഗ് ബൗളര്‍ ആയിരുന്ന ചേതന്‍ സക്കറിയ ഒരു ബാറ്റ്സ്മാനാകാന്‍ ആഗ്രഹിച്ചിരുന്നു. ജയദേവ് ഉനദ്ഘട്ടിന്റെ പരുക്കാണ് 2018-19 സീസണില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി രഞ്ജി ട്രോഫി അരങ്ങേറ്റത്തിന് ചേതന് വഴിയൊരുക്കിയത്. ഈ സീസണില്‍ അദ്ദേഹം നേടിയത് 9 വിക്കറ്റ്.

കൊറോണ വൈറസ് വ്യാപനം ഉണ്ടായ ആഭ്യന്തര കലണ്ടറില്‍, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തന്റെ കൈവശമുണ്ടായിരുന്ന പരിമിതമായ അവസരം മുതലാക്കിയ ചേതന്‍ 4.90 ഇക്കോണമിയില്‍ 5 മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റുകള്‍ നേടി. ഇതോടെയാണ് ഐപിഎല്‍ ഫ്രഞ്ചൈസികളുടെ ശ്രദ്ധ ചേതനില്‍ വീഴുന്നത്.

2020ലെ താരലേലത്തില്‍ 1.2 കോടി രൂപയ്ക്ക് ഐപിഎല്ലില്‍ ചേതന്‍ എത്തി. ഇളയ സഹോദരന്റെ ആത്മഹത്യ ഏല്‍പ്പിച്ച ആഘാതത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ഇത്. എന്നിരുന്നാലും രാജസ്ഥാന്‍ റോയസിന്റെ ആദ്യ മത്സരത്തില്‍ ക്യാപറ്റന്‍ സഞ്ജു സാംസണ്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് പ്രതിഫലം നല്‍കാന്‍ ചേതന്‍ സക്കറിയക്ക് കഴിഞ്ഞു.