ക്രിപ്‌റ്റോ കറന്‍സി വിനിമയം തടയില്ല; ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രക്യാബിനറ്റ് പരിഗണനയിൽ

ചെന്നൈ: ബ്ലോക്ക്‌ചെയിന്‍, ബിറ്റ്‌കോയിനുകള്‍, ക്രിപ്‌റ്റോകറന്‍സി എന്നിവ പരീക്ഷണാടിസ്ഥാനത്തില്‍ വിനിയോഗിക്കുന്നതിനുളള അവസരങ്ങള്‍ ആദ്യം ഒരുക്കാൻ കേന്ദ്ര സർക്കാർ. ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പടെയുളള ഡിജിറ്റന്‍ കറന്‍സികളുടെ വിനിമയം തടയാന്‍ ആലോചനയില്ലെന്ന്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ ക്യാബിനറ്റിന്റെ പരിഗണനയിലാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഡിജിറ്റല്‍ കറന്‍സി വിനിമയത്തെ സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരിന്‌ വ്യക്തമായ നയമുണ്ട്‌.

അതേസമയം ഡിജിറ്റല്‍ കറന്‍സികളുടെ വിനിമയത്തെ സംബന്ധിച്ചുളള പ്രശ്‌നങ്ങള്‍ ധനമന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്ന്‌ ഫിനാന്‍സ്‌ സര്‍വീസ്‌ സെക്രട്ടറി ഡെബാഷിഷ്‌ പറഞ്ഞിരുന്നു. എന്നാല്‍ ക്രിപ്‌റ്റോകറന്‍സി ഉള്‍പ്പടെയുളളവ ഡിജിറ്റല്‍ കറന്‍സികളായതിനാല്‍ ഇവയെ നിയന്ത്രിക്കാന്‍ സെബിയ്‌ക്കോ, ആര്‍ബിഐ എന്നിവയ്‌ക്ക്‌ നിയമപരമായി അധികാരമില്ല. ഡിജിറ്റല്‍ കറന്‍സികളുടെ നിയന്ത്രണം സംബന്ധിച്ചുളള ഹര്‍ജികള്‍ പലതും ഇപ്പോള്‍ സുപ്രീംകോടിയുടെ പരിഗണനയിലാണ്‌.

സ്വന്തമായി ഡിജിറ്റല്‍ കറന്‍സി രൂപപ്പെടുത്തുന്നതിനുളള ആര്‍ബിഐയുടെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്‌. 2018-ല്‍ ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പടെയുളള ഡിജിറ്റല്‍ കറന്‍സി വിനിമയം പൂര്‍ണമായി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ നിരോധിച്ചിരുന്നു.