രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 0.4 ശതമാനം വളർച്ച

ന്യൂഡെൽഹി: രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ഒക്ടോബർ – ഡിസംബർ സാമ്പത്തിക പാദത്തിൽ 0.4 ശതമാനം വളർച്ച. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വെള്ളിയാഴ്ച വൈകീട്ടോടെ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2021 – 21 സാമ്പത്തിക വർഷത്തിലെ രണ്ട് പാദങ്ങളിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയതിന് ശേഷമാണ് മൂന്നാം പാദത്തിൽ 0.4 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്. 2020 – 21 ലെ ആദ്യ പാദത്തിൽ 24.4 ശതമാനവും ജൂലായ് – സെപ്റ്റംബർ പാദത്തിൽ 7.7 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.

കൊറോണ വ്യാപനം തടയാൻ ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണിനെ തുടർന്നാണ് നാൽപ്പതിലേറെ വർഷങ്ങൾക്കിടെ സമ്പദ്‌വ്യവസ്ഥയിൽ ആദ്യമായി കഴിഞ്ഞ ജൂണിൽ ഇടിവ് രേഖപ്പെടുത്തിയത്. നിയന്ത്രണങ്ങൾ നീക്കിയതോടെ പിന്നീട് സ്ഥിതിഗതികൾ മെച്ചപ്പെട്ടു തുടങ്ങിയിരുന്നു.

ജൂലായ് മുതൽ സമ്പദ്‌വ്യവസ്ഥ കരകയറിത്തുടങ്ങിയെന്നാണ് സാമ്പത്തിക സർവെ വ്യക്തമാക്കിയിരുന്നത്. ഊർജ ഉപയോഗത്തിലെ വർധന, ചരക്ക് – സേവന നികുതി പിരിവ്, ഇ – വേ ബില്ലുകൾ, ഉരുക്ക് ഉപയോഗത്തിലെ വർധന എന്നിവയാണ് ഇതിന്റെ സൂചനകളാണ് ചൂണ്ടിക്കാട്ടിയിരുന്നത്.