എഫ്​സി ഗോവക്കെതിരെ കേരള ബ്ലാസ്​റ്റേഴ്​സിന്​ സമനില

പഞ്ജിം(പനജി): ചുവപ്പ് ​കാർഡിൽ​ പത്തുപേരായി ചുരുങ്ങിയ എഫ്​സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു. അവസാന മിനുറ്റുകളിൽ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്ത ബ്ലാസ്​റ്റേഴ്​സിന്​ സമനിലകൊണ്ട്​ തൃപ്​തിപ്പെടേണ്ടിവന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടിയ രാഹുൽ കെ.പിയാണ്​ ബ്ലാസ്​റ്റേഴ്​സിന്​ സമനില നൽകിയത്​​.

ഗോൾമുഖം ലക്ഷ്യമാക്കി നിരന്തരം ആക്രമിച്ചുകയറിയ ഗോവ ബ്ലാസ്​റ്റേഴ്​സിനെ വിറപ്പിച്ചാണ്​ കളിതുടങ്ങിയത്​. 25ാം മിനുറ്റിൽ ഗോവയുടെ ആക്രമണങ്ങൾക്ക്​ ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ഫലമെത്തി. ജോർജ്​ ഓർട്ടിസ്​ തൊടുത്ത ഫ്രീകിക്ക്​ സഹലിന്‍റെ തലയിൽ തെട്ടി ​ദിശമാറി ബ്ലാസ്​റ്റേഴ്സ്​ പോസ്റ്റിലേക്ക്​ ഊർന്നിറങ്ങിയപ്പോൾ ഗോൾകീപ്പർ ആൽബിനോ ഗോമസിന്​ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

ഇടവേളക്ക്​ ശേഷം ഉണർന്നുകളിച്ച ബ്ലാസ്​റ്റേഴ്​സ്​ കാത്തിരുന്ന നിമിഷം 56ാം മിനുറ്റിൽ വന്നുചേർന്നു. ഫെക്കുണ്ടോ പെരേര തൊടുത്ത ​കോർണർ കിക്ക്​ 1.98 മീറ്റർ ഉയർന്നുചാടിയ രാഹുൽ ഹെഡറിലൂടെ വലയിലേക്ക്​ തിരിച്ചുവിടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും ഗോൾ നേടിയ രാഹുലിന്‍റെ സീസണിലെ മൂന്നാംഗോളാണിത്​.

65ാം മിനുറ്റിലാണ്​ ഗോവക്ക്​ ഇടിത്തീയായി റഫറിയുടെ തീരുമാനമെത്തിയത്​. ഗാരി ഹൂപ്പറിനെ വീഴ്​ത്തിയതിന്​ ഇവാൻ ഗോൺസാലസിനെതിരെ റഫറി മഞ്ഞക്കാർഡ്​ വിളിച്ചു. ഇതിൽ കുപിതനായി ന്യായവാദങ്ങൾ നിരത്തിയ ഗോൺസാലസിന്​ നേരെ റഫറി രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും ഉയർത്തുകയായിരുന്നു. പക്ഷേ ഈ ആനുകൂല്യം മുതലെടുക്കാൻ ബ്ലാസ്​റ്റേഴ്​സിനായില്ല.

സമനിലയോടെ 13 കളികളിൽ നിന്നും 14 പോയന്‍റുമായി ബ്ലാസ്​റ്റേഴ്​സ്​ ഏഴാം സ്ഥാനത്തേക്ക്​ കയറി. 13 മത്സരങ്ങളിൽ നിന്നും 20 പോയന്‍റുള്ള എഫ്​.സി ഗോവ മൂന്നാംസ്ഥാനത്താണുള്ളത്​. ജനുവരി 27ന്​ ജാംഷഡ്​പൂരിനെതിരെയാണ്​ കേരളത്തിന്‍റെ അടുത്ത മത്സരം.