കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്നാം വിജയം

പഞ്ജിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്നാം വിജയം. ബെംഗളൂരു എഫ്‌സിയെ 2-1ന് തകര്‍ത്തു. ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ രാഹുല്‍ കെ പിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ ഗോള്‍ നേടിയത്.

24ാം മിനിറ്റില്‍ ക്ലെയ്റ്റന്‍ സില്‍വയിലൂടെ ബെംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. ബോക്‌സിലേക്ക് വന്ന രാഹുല്‍ ബേക്കെയുടെ ത്രോയില്‍ നിന്നായിരുന്നു ബെംഗളൂരുവിന്റെ ഗോള്‍. പന്ത് ക്ലിയര്‍ ചെയ്യാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് സാധിക്കാതെ വന്നതോടെ ബോക്‌സില്‍ കുത്തി ഉയര്‍ന്ന പന്ത് ക്ലെയ്റ്റന്‍ സില്‍വയുടെ മുന്നിലെക്ക്. ഒരു വശത്തേക്ക് ചെരിഞ്ഞ് സില്‍വയുടെ വോളി വലയില്‍.

73ാം മിനിറ്റില്‍ ലാല്‍തംഗയുടെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. വിവാദമായേക്കാവുന്ന ഒരു ഗോളായിരുന്നു ഇത്. ഗാരി ഹൂപ്പറിന്റെ ഷോട്ട് മുഖത്തിടിച്ച ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് വീണുകിടക്കുമ്പോഴായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍. ഗുര്‍പ്രീതിന്റെ മുഖത്ത് തട്ടിത്തെറിച്ച പന്ത് ബ്ലാസ്‌റ്റേഴ്‌സ് താരം ക്രോസ് ചെയ്തത് ലാല്‍തംഗ ഖ്വാല്‍റിങ്ങിന്റെ മുന്നിലേക്ക്. താരത്തിന്റെ ഷോട്ട് വലയില്‍.

തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ ഗോളന്നുറച്ച രണ്ട് അവസരങ്ങള്‍ ബെംഗളൂരു നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു രാഹുലിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ ബോക്‌സിലെ ബെംഗളൂരുവിന്റെ ആക്രമണത്തിനൊടുവില്‍ പന്ത് ലഭിച്ച രാഹുല്‍ ഒറ്റയ്ക്ക് മുന്നേറി ഗുര്‍പ്രീതിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു.