ഇന്ത്യൻ ഓഹരി വിപണി സർവ്വകാല നേട്ടത്തിൽ: സെന്‍സെക്‌സ് 50,000 പോയന്റ് മറികടന്നു

മുംബൈ: ഇന്ത്യൻ ഓഹരി വിപണി സർവ്വകാല നേട്ടത്തിൽ രണ്ടു ദശകത്തിനിടെ അമ്പതിനായിരം സൂചിക തൊട്ടാണ് ഇന്ത്യൻ വിപണി കരുത്ത് തെളിയിച്ചത്. 1999ലാണ് ഇന്ത്യൻ വിപണി ആദ്യമായി 5000 എന്ന സൂചിക തൊട്ടത്. തുടർന്ന് എട്ടുവർഷമെടുത്തു 20,000 എത്തിപ്പെടാൻ.

നാൽപ്പതിനായിരത്തിലേക്ക് എത്താൻ വീണ്ടും 12 വർഷമെടുത്തെങ്കിൽ കേവലം രണ്ടു വർഷം കൊണ്ടാണ് പതിനായിരം കൂടി 50,0000 എത്തിയത്. ആഗോളതലത്തിലെ ഇന്ത്യയുടെ സ്വീകാര്യത വർദ്ധിച്ചതും കൊറോണ വാക്‌സിൻ കയറ്റുമതി തീരുമാനവും അമേരിക്കയുടെ ഭരണമാറ്റവും ഓഹരി നേട്ടത്തിൽ ഗുണമായി.

ഒരാഴ്ചയിലധികമായി ഇന്ത്യ അമേരിക്ക ബന്ധത്തിന്റെ കെട്ടുറപ്പ് ബൈഡന്റെ ഭരണത്തിൻ കീഴിൽ വർദ്ധിക്കുമെന്ന വ്യക്തമായ സൂചന തന്നെ വലിയ ഉണർവ്വായിമാറിക്കഴിഞ്ഞു. ഒപ്പം സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ അനുകൂല പ്രസ്താവനയും ഓഹരി രംഗത്ത് കുതിപ്പായി മാറി.

ഇതിനേക്കാളേറെ വാക്‌സിൻ കയറ്റുമതിയിൽ ലോകത്തെ വിവിധ രാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ തീരുമാനിച്ചതും ഫാർമ മേഖലയിൽ പ്രത്യേകിച്ചും പൊതു വിപണിയിൽ അല്ലാതേയും വലിയ ശുഭപ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.