ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ മികച്ച തുടക്കമിട്ട് ഇന്ത്യ

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ മികച്ച തുടക്കമിട്ട് ഇന്ത്യ. ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയിലാണ്.

തുടക്കത്തില്‍ തന്നെ ജോ ബേണ്‍സിനെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ച് ജസ്പ്രിത് ബുമ്‌റ ഇന്ത്യക്ക് ആശിച്ച തുടക്കം നല്‍കി. പത്ത് റണ്‍സായിരുന്നു അപ്പോള്‍ ഓസീസ് സമ്പാദ്യം. റണ്ണൊന്നുമെടുക്കാതെയാണ് ഓസീസ് ഓപണര്‍ മടങ്ങിയത്.

പിന്നീട് രവിചന്ദ്രന്‍ അശ്വിന്‍ സ്‌കോര്‍ 35ല്‍ നില്‍ക്കെ മാത്യു വേഡിനേയും (30), മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനേയും (പൂജ്യം) മടക്കി ഓസ്‌ട്രേലിയക്ക് ഇരട്ട പ്രഹരം നല്‍കി. മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് രണ്ട് വിക്കറ്റുകള്‍ ഓസ്‌ട്രേലിയക്ക് ബലി കഴിക്കേണ്ടി വന്നത്. 26 റണ്‍സുമായി മര്‍നസ് ലബുഷെയ്‌നും നാല് റണ്‍സുമായി ട്രാവിസ് ഹെഡ്ഡുമാണ് ക്രീസില്‍.

ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ ടെസ്റ്റില്‍ 36 റണ്‍സിന് പുറത്തായി പരാജയപ്പെട്ടതിന്റെ നാണക്കേട് കഴുകി കളയലാണ് ബോക്‌സിങ് ഡേ ടെസ്റ്റിലെ വിജയത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.