മഡ്രിഡ്: ഫിലിപ് കുടീന്യോയുടെ കാര്യത്തിൽ ബാഴ്സലോണയ്ക്ക് കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ്. മികച്ച ഫോമിൽ കളിക്കുന്ന താരത്തെ വിട്ടയക്കാൻ കോച്ചിന് തീരെ താൽപര്യമില്ല. എന്നാൽ, മുൻ ക്ലബായ ലിവർപൂളുമായി ട്രാൻസ്ഫർ സമയത്തുണ്ടാക്കിയ ധാരണ പ്രകാരം നിലനിർത്തണമെങ്കിൽ ഭീമമായ തുക ചെലവഴിക്കുകയും വേണം.
ജനുവരിയിലെ ഇടക്കാല ട്രാൻസ്ഫർ സീസൺ തുറക്കുമ്പോൾ ബാഴ്സലോണ മാനേജ്മെൻറ് കുടീന്യോയുടെ ഭാവി സംബന്ധിച്ച് കൂലങ്കഷമായ ചർച്ചയിലാണ്. ബാഴ്സലോണ കുപ്പായത്തിൽ ഇനിയൊരു 12 മത്സരം കൂടി കുടീന്യോ കളിച്ചാൽ 20 ദശലക്ഷം യൂറോ ലിവർപൂളിന് നൽകേണ്ടിവരും. 2018 ജനുവരിയിലെ റെക്കോഡ് ട്രാൻസ്ഫർ കരാറിലെ നിബന്ധന പ്രകാരമാണിത്. 142 ദശലക്ഷം പൗണ്ടിനായിരുന്നു ലിവർപൂളിൽനിന്നും ബ്രസീൽ താരം നൂകാംപിലെത്തിയത്.
ആദ്യ സീസണിൽ കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ, 2019ൽ ബയേൺ മ്യുണികിലേക്ക് ഒരുവർഷ ലോണിൽ കൂടുമാറിയ കുടീന്യോ അവിടെ തിളങ്ങി. 11 ഗോളുമായി ബുണ്ടസ്ലിഗ, ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ ട്രിപ്പ്ൾ കിരീട നേട്ടത്തിൽ പങ്കാളിയായി. ഇപ്പോൾ ബാഴ്സലോണയിൽ തിരികെയെത്തിയപ്പോഴാണ് രണ്ടുവർഷം മുമ്പ് എഴുതിച്ചേർത്ത ഒരു നിബന്ധന തലവേദനയാവുന്നത്.
ബാഴ്സക്കൊപ്പം 100 മത്സരം കളിച്ചാൽ 20 ദശലക്ഷം യൂറോ ലിവർപൂളിന് നൽകണമെന്നാണ് ധാരണ. ഇതിനകം 88 മത്സരം കളിച്ചു കഴിഞ്ഞു കുടീന്യോ. പുതിയ പരിശീലകൻ റൊണാൾഡ് കൂമാെൻറ മാച്ച് ഫോർമേഷനിൽ ബ്രസീൽ താരത്തിന് നിർണായക ഇടവുമുണ്ട്. എന്നാൽ, കൊറോണ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ ക്ലബ് മാനേജ്മെൻറിന് കുടീന്യോക്കായി ഇനിയും തുക ചെലവഴിക്കാനും താൽപര്യമില്ല. 2018ലെ ട്രാൻസ്ഫർ തുകതന്നെ അമിതമെന്നാണ് മാനേജ്മെൻ്റിൻ്റെ നിലപാട്.