ബാറ്റ്സ്മാൻ പാർത്ഥിവ് പട്ടേൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ന്യൂഡെൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർത്ഥിവ് പട്ടേൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായും വിരമിക്കുന്ന കാര്യം വ്യക്തമാക്കിയത്. 19മത്തെ വയസില്‍ ഇന്ത്യന്‍ ദേശീയ ടീമിനായി കളിച്ച പാര്‍ത്ഥിവ് പട്ടേല്‍ 35 മത്തെ വയസിലാണ് ക്രിക്കറ്റിനോട് വിട പറയുന്നത്.

“കൈപിടിച്ച് നടത്തിയവർക്ക് നന്ദി”
“ഈ ദിവസം, ഞാൻ കളി നിർത്തുമ്പോൾ, എത്ര ദൂരം എത്തിയെന്ന് വിലയിരുത്തുമ്പോൾ, എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ അച്ഛൻ എന്റെ തൊട്ടരികിൽ ഉണ്ടാകണമെന്നാണ്, ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിലുള്ള എന്റെ യാത്ര അവസാനിക്കുമ്പോൾ, എന്റെ ജീവിതത്തിലും കരിയറിലും ഒപ്പമുണ്ടായിരുന്നതുപോലെതന്നെ”- പാർത്ഥിവ് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു.

2002 മുതൽ തുടങ്ങിയ കരിയറിൽ 35കാരനായ പാർത്ഥിവ് ഇന്ത്യക്കായി 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 934 റൺസും ഏകദിനങ്ങളിൽ 736 റൺസും ടി20യിൽ 36 റൺസുമാണ് പാർത്ഥിവ് പട്ടേൽ നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി 2018ലാണ് അവസാനം കളത്തിലിറങ്ങിയത്.

2002ല്‍ ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടീമിലാണ് പാര്‍ത്ഥിവ് അരങ്ങേറ്റം നടത്തിയത്. ടെസ്റ്റ് മത്സരം കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് ഇന്നും പാർത്ഥിവിനൊപ്പമാണ്. 2002ൽ ടെസ്റ്റിൽ അരങ്ങേറുമ്പോൾ 17 വയസായിരുന്നു പാർത്ഥിവിന്. അവസാനം ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത് ജോഹന്നാസ് ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റിലും.