കെഎസ്എഫ്ഇ മുഴുവൻ ശാഖകളിലും ആഭ്യന്തര ഓഡിറ്റ് നടത്തും ; രണ്ട് വർഷത്തെ വിവരങ്ങൾ പരിശോധിക്കും

തിരുവനന്തപുരം: ക്രമക്കേട് ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ മുഴുവൻ ശാഖകളിലും ആഭ്യന്തര ഓഡിറ്റ് നടത്താനൊരുങ്ങി കെഎസ്എഫ്ഇ കഴിഞ്ഞ രണ്ട് വർഷത്തെ വിവരങ്ങൾ ശേഖരിച്ച് പരിശോധിക്കും.
വിജിലൻസ് പരിശോധന നടത്തിയ 36 യൂണിറ്റുകളിൽ കഴിഞ്ഞദിവസം കെഎസ്എഫ്ഇ ആഭ്യന്തര ഓഡിറ്റ് നടത്തിയിരുന്നു.

യൂണിറ്റുകളിലെ സാമ്പത്തിക ഇടപാടുകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ല. തുടർന്നാണ് ശേഷിക്കുന്ന 577 ശാഖകകളിലും ഇന്നുമുതൽ ആഭ്യന്തര ഓഡിറ്റിങ് ആരംഭിക്കാൻ കെഎസ്എഫ്ഇ തീരുമാനിച്ചിരിക്കുന്നത്.
വിജിലൻസ് വിഭാഗം ചൂണ്ടിക്കാട്ടിയ പൊള്ളച്ചിട്ടി ഉൾപ്പെടെയുള്ള വിഷയങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാനും നിർദേശമുണ്ട്.

ചിട്ടി സെക്യൂരിറ്റി ട്രഷറിയിൽ നിക്ഷേപിക്കുന്നില്ലെന്ന ആക്ഷേപവും വിജിലൻസ് ഉയർത്തിയിരുന്നു.
ക്രമക്കേട് നടന്നെന്ന വിജിലൻസ് ആരോപണത്തിൽ വസ്തുത ഉറപ്പാക്കാനും തെറ്റാണെന്ന് സ്ഥാപിക്കാനുമാണ് ഓഡിറ്റ് നടത്താൻ ഒരുങ്ങുന്നത്.
ഔദ്യോഗികമായി ഒരു വിശദീകരണവും വിജിലൻസ് കെ.എസ്.എഫ്.ഇ മാനേജ്മെന്റിനോട് ചോദിച്ചിട്ടില്ല. ക്രമക്കേടുണ്ടെന്ന് പറയുന്നവയെ വസ്തുത നിരത്തി നേരിടുകയാണ് ലക്ഷ്യം.