നടപ്പ് സാമ്പത്തികവർഷത്തിലെ ഉയർന്ന വരുമാനം; രണ്ടാം തവണയും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു

മുംബൈ: കൊറോണ വ്യാപനത്തെതുടർ ന്നുണ്ടായ മാന്ദ്യത്തിൽ നിന്നും രാജ്യം കരകയറുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. നവംബറിൽ ജിഎസ്ടിയിനത്തിൽ 1,04,963 കോടി രൂപ സമാഹരിച്ചു.

നടപ്പ് സാമ്പത്തികവർഷത്തിൽ രണ്ടാംതവണയാണ് ജിഎസ്ടി കളക്ഷൻ ഒരുലക്ഷം കോടി കവിയുന്നത്. കഴിഞ്ഞ ഒക്ടോബറിൽ നേടിയ 1,05,155 ലക്ഷം കോടി രൂപയാണ് നടപ്പ് സാമ്പത്തികവർഷത്തിലെ ഉയർന്ന വരുമാനം.

നവംബറിൽ കേന്ദ്ര ജിഎസ്ടിയായി 19,189 കോടി രൂപയും സ്റ്റേറ്റ് ജിഎസ്ടിയിനത്തിൽ 25,540 കോടി രൂപയും സംയോജിത ജിഎസ്ടി ഇനത്തിൽ 51,992 കോടി രൂപയും സെസായി 8,242 കോടി രൂപയുമാണ് സമാഹരിച്ചത്.

കഴിഞ്ഞവർഷം നവംബർ മാസത്തിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ വരുമാനം 1.4ശതമാനം കൂടുതലാണ്. ചരക്ക് ഇറക്കുമതിയിൽനിന്നുള്ള വരുമാനം 4.9ശതമാനവും ആഭ്യന്തര ഇടപാടുകളിൽനിന്നുള്ളവരുമാനം 0.5ശതമാനവും വർധിച്ചു. ചൊവാഴ്ചയാണ് ധനമന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്.