മുംബൈ: കാത്തിരിപ്പിനും കഠിന പരിശ്രമത്തിനുമൊടുവില്‍ കളിക്കളത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഏഴ് വര്‍ഷത്തെ വിലക്കിനുശേഷമാണ് ശ്രീശാന്ത് എത്തുന്നത്. ടൈഗേഴ്‌സ് ടീമിനൊപ്പമാണ് ശ്രീശാന്ത് കളിക്കുക.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് കപ്പ് ടി20യിലാണ് ശ്രീശാന്ത് കളിക്കുക. പ്രസിഡന്റ്‌സ് കപ്പിനുവേണ്ടി ആറ് ടീമുകളാണ് മത്സരത്തിനിറങ്ങുക. ഡിസംബര്‍ 17 മുതല്‍ ആലപ്പുഴയിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
എന്നാല്‍, കൊറോണ സാഹചര്യം കണക്കിലെടുത്ത് ടൂര്‍ണമെന്റ് നടത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ടെന്ന് കെ.സി.എ ഭാരവാഹികള്‍ വ്യക്തമാക്കി. ഇതിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും അവര്‍ പറയുന്നു.
2013ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഐ.പി.എല്‍ കളിക്കുന്ന സമയമാണ് ശ്രീശാന്തിനെ ഒത്തുകളി ആരോപിച്ച് അറസ്റ്റ് ചെയ്തത്. പിന്നീട് ബി.സി.സി.ഐ താരത്തിന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി ഇടപെട്ടതോടെയാണ് ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമാക്കി ബി.സി.സി.ഐ കുറച്ചത്. 2020 സെപ്തംബറില്‍ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കുകയായിരുന്നു.