മറഡോണ, ഒരു നാൾ നമുക്ക്​ ആകാശത്ത്​ ഒരുമിച്ച്​ കളിക്കാമെന്ന്​ വേദനയോടെ പെലേ

സാവോ​ പോളോ: ഒരു ദിവസം നമുക്ക്​ ആകാശത്ത്​ ഒരുമിച്ച്​ കളിക്കാമെന്ന്​ ബ്രസീൽ ഫുട്​ബാൾ ഇതിഹാസം പെലെ ഇൻസ്​റ്റഗ്രാമിൽ കുറിച്ചു. ഡീഗോ മറഡോണയുടെ വേർപാടിലാണ് പെലെ ഏറെ വൈകാരികമായ കുറിപ്പിട്ടത്.

“ദുഃഖകരമായ വാർത്ത. എനിക്ക്​ എൻ്റെ പ്രിയ സുഹൃത്തിനെ നഷ്​ടമായി. ലോകത്തിന്​ ഇതിഹാസത്തേയും. അദ്ദേഹത്തി​ൻ്റെ കുടുംബത്തിന്​ ദൈവം ഈ വിട വാങ്ങൽ താങ്ങാനുള്ള ശക്​തി നൽക​​ട്ടേ”യെന്നും പെലെ പറഞ്ഞു. ലോകകപ്പ്​ നേടിയ മറഡോണയുടെ ചിത്രം പങ്കുവെച്ചായിരുന്നു പെലെയുടെ കുറിപ്പ്​

ഡീഗോ മ​റഡോണയു​ടെ മരണത്തിൽ അനുശോചനമറിയിച്ച്​ അർജൻറീന സൂപ്പർ താരം ലയണൽ മെസിയും പോർചുഗൽ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോയും. അർജൻറീനക്കും ഫുട്​ബാളിനും ഇത്​ ദുഃഖത്തി​ൻ്റെ ദിനമാണെന്ന്​ മെസി പറഞ്ഞു. മറഡോണ നമ്മെ വിട്ടുപോയി. പക്ഷേ അദ്ദേഹം നമ്മിൽ നിന്ന്​ ഒരിക്കലും പോവില്ല. കാരണം അദ്ദഹം അനശ്വരനാണ്​.

അദ്ദേഹത്തോടൊപ്പമുള്ള മനോഹര നിമഷങ്ങളെ ഇപ്പോൾ ഓർമിക്കുകയാണ്​. ഡീഗോയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണെന്നും മെസി ഫേസ്​ബുക്കിൽ കുറിച്ചു.

എൻ്റെ ഒരു സുഹൃത്ത്​​ വിട പറയുകയാണ്​. എക്കാലത്തേയും മികച്ച പ്രതിഭയും അനശ്വനുമായ ഒരാൾ വിട പറയുന്നു. സമാനതകളില്ലാത്ത മാന്ത്രികൻ. ​അദ്ദേഹം വിടപറയുകയാണ്​. പക്ഷേ ഒരിക്കലും മായാത്ത പാരമ്പര്യം ഉപേക്ഷിച്ചാണ്​ അദ്ദേഹം മറയുന്നത്​ ക്രിസ്​റ്റ്യാനോ ​ഫേസ്​ബുക്കിൽ കുറിച്ചു.