ഹോട്ടലുകൾക്ക് സ്റ്റാ‍ർ പദവി; കേന്ദ്ര ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് ബാറുമടകൾ കോടിക്കണക്കിന് രൂപ കോഴ നൽകി; സിബിഐ

കൊച്ചി: ഹോട്ടലുകൾക്ക് സ്റ്റാർ പദവി നേടാൻ കേരളത്തിലെ ബാറുമടകൾ കേന്ദ്ര ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപയുടെ കോഴ നൽകിയതായി സിബിഐ കണ്ടെത്തി. ഇന്ത്യാ ടൂറിസം റീജ്യണൽ ഡയറക്ടർ സഞ്ജയ് വാട്സിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തടഞ്ഞ സിബിഐ ഉദ്യോഗസ്ഥർ പരിശോധന നടത്തി കോഴ ഇടപാടിനുള്ള തെളിവുകൾ കണ്ടെടുത്തു.

കഴിഞ്ഞ ഒരു മാസമായി ചില ഹോട്ടലുകളുടെ സ്റ്റാർ പദവി പുതുക്കാനും പുതിയ അപേക്ഷകൾ അംഗീകരിക്കാനും നടപടികൾ പുരോഗിക്കുകയാണ്. ഇന്ത്യാ ടൂറിസത്തിൻ്റെ ചെന്നൈ റീജയിൺ ഓഫീസാണ് കേരളത്തിലെ ഹോട്ടലുകൾക്ക് ക്ലാസിഫിക്കേഷൻ നൽകുന്നത്.അന്വേഷണത്തിൻ്റെ ഭാഗമായി ഇടനിലക്കാരുടെ വീടുകളിലും ഹോട്ടലുകളിലും നടത്തിയ റെയ്ഡിൽ 31 ലക്ഷം രൂപ പിടിച്ചെടുത്തു. ത്രീ സ്റ്റാർ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്ക് മാത്രമാണ് സംസ്ഥാനത്ത് ബാർ നടത്താൻ സർക്കാർ അനുമതി നൽകുന്നത്.

ഇതിനിടെ ചില ഏജൻറുമാർ മുഖേന ബാർ ഉടമകൾ ടൂറിസം ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കോഴ നല്കുന്നതായി സിബിഐ മധുര യൂണിറ്റിന് രഹസ്യവിവരം ലഭിച്ചു. ഇന്ത്യാ ടൂറിസം റീജ്യണൽ ഡയറക്ടർ സഞ്ജയ് വാട്സ്, അസി ഡയറക്ടർ സി രാമകൃഷ്ണൻ എന്നിവർക്കാണ് കോഴ കൈമാറിയത് എന്നായിരുന്നു വിവരം.

തുടർന്ന് ബാറുടകൾ ,ഏജൻറുമാർ, ഉദ്യോഗസ്ഥർ എന്നിവരെ സിബിഐ നിരീക്ഷിച്ചു വരികയായിരുന്നു.സഞ്ജയ് വാട്സ് ഇന്നലെ കൊച്ചിയിൽ എത്തുമെന്ന വിവരം ലഭിച്ചതോടെ സിബിഐ കൊച്ചി യൂണിറ്റിൻ്റെ സഹായത്തോടെ എറണാകുളം ,കൊല്ലം ജില്ലകളിലെ ഹോട്ടലുകളിലും ഏജൻറുമാരുടെ വീടുകളിലും റെയ്ഡ് നടത്തി. 31 ലക്ഷം രൂപ കണ്ടെടുത്തു.

സി രാമകൃഷ്ണൻ്റെ ചെന്നൈ ഫ്ലാറ്റിലും മധുരയിലെ ചില ഏജന്റുമാരുടെ വസതികളിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും റെയ്ഡ് തുടരുകയാണ്. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ഹോട്ടുലകൾക്ക് സ്റ്റാർ പദവി നൽകിയതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.