ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 17 ന് തുടങ്ങും

ദുബായ്: ഈ വര്‍ഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 17 മുതല്‍ 2021 ജനുവരി 30 വരെ നടക്കും. സംഘാടകരായ ദുബായ് ഫെസ്റ്റിവെല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

കൊറോണ കാലമായതിനാല്‍ നിയന്ത്രണങ്ങളോടെയാണ് ഫെസ്റ്റിവെലിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍,​ എന്തൊക്കെയാണ് നിയന്ത്രണങ്ങള്‍ എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഷോപ്പിംഗിന് പുറമേ വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

തത്സമയ സംഗീത പരിപാടികള്‍, സ്റ്റേജ് ഷോ, കുടുംബങ്ങള്‍ക്കായി മറ്റു വിനോദ പരിപാടികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2019 ഡിസംബര്‍ 26 മുതല്‍ 2020 ഫെബ്രുവരി 1 വരെയായിരുന്നു ഫെസ്റ്റിവല്‍ നടന്നത്.ഇത്തവണ ഒരാഴ്‍ച്ച നേരത്തെയാണ് എത്തുന്നത്. ലോകപ്രശസ്ത ഗായകരുടെ സംഗീത നിശയോടെയായിരിക്കും പരിപാടി തുടങ്ങുക.

സ്‍കൂള്‍ അവധി ദിവസങ്ങള്‍ അടക്കം പരിഗണിച്ചാണ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പരമാവധിപേര്‍ക്ക് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.