വ്യാജ സിം ഉപയോഗിച്ച് അക്കൗണ്ടുകളിൽനിന്ന് 44 ലക്ഷം തട്ടിയെടുത്തു

തൃശ്ശൂർ: പുതുക്കാട് സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ പേരിൽ ബാങ്കുകളിലുള്ള അക്കൗണ്ടുകളിൽനിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു. കുറിക്കമ്പനി മാനേജരുടെ സിം വ്യാജമായി ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വ്യാജ സിം ഉപയോഗിച്ച് പണം ഓൺലൈൻ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

പുതുക്കാട് എസ്ബിഐ, സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖകളിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ഈവിധം പത്ത് തവണകളായാണ് 44 ലക്ഷം പിൻവലിച്ചത്. പണം പിൻവലിച്ച ബാങ്ക് അക്കൗണ്ടുകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

ജാർഖണ്ഡ്, ഡെൽഹി, കൊൽക്കത്ത, അസം എന്നിവിടങ്ങളിൽ നിന്ന് ഒക്ടോബർ 30-നും 31-നുമാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. റൂറൽ ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, ഡിവൈഎസ്പി സി.ആർ. സന്തോഷ്, പുതുക്കാട് ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.

തട്ടിപ്പ് ഇങ്ങനെ

പണം തട്ടിപ്പിന് വിർച്വൽ സിം (ഇ-സിം) ആണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മുൻനിര സാങ്കേതികവിദ്യയിൽ ഇറങ്ങുന്ന വിലകൂടിയ ഫോണുകളിലാണ് വിർച്വൽ സിം ഉപയോഗിക്കാനാവുക. സിം എന്നാണ് പേരെങ്കിലും ഇത് സോഫ്റ്റ്വേർ അധിഷ്ഠിതമാണ്. സാധാരണ സിമ്മിന്റെ നമ്പരിൽ തന്നെ ഇത് കിട്ടുന്നതിനാൽ ഒരേ നമ്പർ രണ്ടു ഫോണുകളിൽ ഉപയോഗിക്കാനാവും. മുൻനിര സ്മാർട്ട് വാച്ചുകളിലും വിർച്വൽ സിം ഉപയോഗിക്കും.

സൈബർ തട്ടിപ്പിന് വിർച്വൽ സിം ഉപയോഗിക്കുന്ന പ്രവണത അടുത്തിടെയാണ് ശ്രദ്ധയിൽ പെട്ടത്. ബാങ്ക് അക്കൗണ്ട് ഉള്ളയാളിൽനിന്ന് എങ്ങനെയെങ്കിലും ഒടിപി നമ്പർ കരസ്ഥമാക്കി തട്ടിപ്പുകാരാണ് വിർച്വൽ സിം എടുക്കുന്നത്. ഇത് എടുത്തുകഴിഞ്ഞാൽ പിന്നീട് അവർക്ക് സൗകര്യംപോലെ പണം തട്ടാം. വിർച്വൽ സിം എടുത്തിട്ടുള്ള കാര്യം അക്കൗണ്ട് ഉടമ അറിയുകയുമില്ല. ബോധ്യമില്ലാത്ത കാര്യത്തിന് ഒടിപി ആവശ്യപ്പെട്ട് വരുന്ന കോളുകൾക്കോ സന്ദേശങ്ങൾക്കോ മറുപടി കൊടുക്കാതിരിക്കലാണ് സ്വീകരിക്കാവുന്ന ജാഗ്രത.