ലക്ഷ്​മിവിലാസ്​ ബാങ്കിൽ നിന്ന്​ പണം പിൻവലിക്കാൻ ആർബിഐ നിയന്ത്രണം

മുംബൈ: തമിഴ്​നാട്​ കേ​ന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കായ ലക്ഷ്​മിവിലാസ്​ ബാങ്കിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ ​നിയന്ത്രണങ്ങളുമായി ആർബിഐ. പ്രതിമാസം 25,000 രൂപ മാത്രമേ ഒരു അക്കൗണ്ട്​ ഉടമക്ക്​ ബാങ്കിൽ നിന്ന്​ പിൻവലിക്കാനാവു. ചികിൽസ, വിദ്യാഭ്യാസം, വിവാഹം എന്നീ അവസരങ്ങളിൽ മാത്രമേ 25,000 രൂപയിൽ കൂടുതൽ ബാങ്കിൽ നിന്ന്​ പിൻവലിക്കാനാവു.

ബാങ്കിന്​ ആർബിഐ ഒരു മാസത്തെ മൊറ​ട്ടോറിയവും ഏർപ്പെടുത്തിയിട്ടുണ്ട്​. നേരത്തെ ഓഹരി ഉടമകൾ ഏഴ്​ ഡയറക്​ടർമാരേയും വോട്ടിങ്ങിലൂടെ പുറത്താക്കിയതിനെ തുടർന്ന്​ ബാങ്കിൻെറ ഭരണത്തിനായി മീത്താ മഖാൻെറ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയെ ആർബിഐ നിയോഗിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബാങ്കിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ നിയന്ത്രണവും വരുന്നത്​.

സെപ്​റ്റംബർ 30ന്​ അവസാനിച്ച സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദത്തിൽ ലക്ഷ്​മിവിലാസ്​ ബാങ്കിൻെറ നഷ്​ടം 396.99 കോടിയായിരുന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 357.17 കോടിയായിരുന്നു ബാങ്കിൻെറ നഷ്​ടം. ലക്ഷ്​മിവിലാസ്​ ബാങ്കിൻെറ കിട്ടാകടം 24.45 ശതമാനമാണ്​.

കഴിഞ്ഞ വർഷം പിഎംസി ബാങ്കിലും യെസ്​ ബാങ്കിലും സമാന സാഹചര്യമുണ്ടായിരുന്നു. ലക്ഷ്​മിവിലാസ്​ ബാങ്കിൻെറ ഓഹരികൾ ഒരു ശതമാനം നഷ്​ടത്തോടെ 15.50 രൂപയിലാണ് ചൊവ്വാഴ്​ച​ വ്യാപാരം അവസാനിപ്പിച്ചത്​.