കൊച്ചി: കൊറോണയ്ക്കിടെ എത്തിയ ദീപാവലി മുഹൂർത്ത വ്യാപാരത്തിലും ഓഹരി വിപണിയിൽ മികച്ച കുതിപ്പ്. സെൻസെക്സ് 198 പോയിന്റ് ഉയർന്നാണ് ഒരു മണിക്കൂർ നീണ്ട മുഹൂർത്ത വ്യാപാരത്തിൽ ക്ലോസ് ചെയ്തത്. ദീപാവലി മുഹൂർത്ത ദിവസം ഓഹരി വാങ്ങിയാൽ ആ വർഷം മുഴുവൻ ലാഭം ഉണ്ടാകുമെന്നാണ് വിശ്വാസം.
കൊറോണ നിയന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ പതിവ് ആഘോഷങ്ങൾ പരാമാവധി കുറച്ചാണ് വിവിധ ഓഹരി ഇടപാട് സ്ഥാപനങ്ങളിൽ വ്യാപാരം നടത്തിയത്. കൊറോണ കാലത്തെ മാന്ദ്യത്തിനു ശേഷം നല്ല വ്യാപാരമാണ് ഇപ്പോൾ ഓഹരി വിപണിയിൽ നടക്കുന്നത്.
മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും സംവത് 2077 ന്റെ ഭാഗമായുള്ള മൂഹൂര്‍ത്ത വ്യാപാരം നടന്നു. നിഫ്റ്റി 89 പോയിൻറ് ഉയർന്ന് 12823 ൽ ക്ലോസ് ചെയ്തു. വൈകുന്നേരം ആറേ കാൽ മുതൽ ഒരു മണിക്കൂർ ആയിരുന്നു മുഹൂർത്ത വ്യാപാരം.
ബിപിസിഎൽ, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, സൺഫാർമ തടുങ്ങിയ ഓഹരികളാണ് മുഹൂർത്ത വ്യപാരത്തിൽ നേട്ടമുണ്ടാക്കിയത്. ദീപാവലിയോടനുബന്ധിച്ച് തിങ്കളാഴ്ചയും ഓഹരിവിപണിക്ക് അവധിയായിരിക്കും.