സിലബസ്സില്ലാതെ തട്ടിക്കൂട്ട് കോഴ്‌സുകൾ അടിച്ചേൽപ്പിച്ച് സർക്കാർ ; കോളേജുകളും സർവ്വകലാശാലകളും വെട്ടിലായി

തിരുവനന്തപുരം: വ്യക്തമായ മുന്നൊരുക്കങ്ങളോ സിലബസുകളോ കൂടാതെ സംസ്ഥാനത്തെ കോളേജുകളിലും സർവ്വകലാശാലകളിലും പുതിയ കോഴ്സുകൾ ഈ വർഷം തിരക്കിട്ട് അടിച്ചേൽപ്പിച്ച സർക്കാർ ഉത്തരവ് സർവ്വകലാശാലകളെയും കോളജുകളെയും വെട്ടിലാക്കി. പ്രായോഗികമല്ലാത്ത തീരുമാനം തിരക്കിട്ട് നടപ്പാക്കാൻ ശ്രമിക്കുന്നത് ആയിരക്കണക്കിന് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി. ഇത്തരം തട്ടിക്കൂട്ട് കോഴ്‌സുകൾ ഗുണനിലവാരത്തെ ബാധിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള തീരുമാനം മാത്രമാണെന്നും ആക്ഷേപം ശക്തമായിട്ടുണ്ട്.

പുതു തലമുറ കോഴ്സുകൾ, ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ, മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ എന്ന രീതിയിൽ ഈ വർഷം സെപ്റ്റംബറിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ കോഴ്സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചത്. എംജി സർവ്വകലാശാല വൈസ് ചാൻസിലറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ശുപാർശ ചെയ്ത പുതുതലമുറ കോഴ്സുകൾ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കുകയായിരുന്നു.

കേരള, എംജി, കാലിക്കറ്റ്‌, കണ്ണൂർ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 47 സർക്കാർ കോളേജുകളിലും 105 എയ്ഡഡ് കോളേജുകളിലുമാണ് പുതിയ കോഴ്‌സുകൾ അനുവദിച്ച് കഴിഞ്ഞ ആഴ്ച സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

സർവകലാശാലകൾ ആവശ്യപ്പെടാതെതന്നെ പുതിയ കോഴ്‌സുകൾ അനുവദി ച്ചിരിക്കുകയാണ്. ഇത് സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിന്മേലുള്ള സർക്കാരിന്റെ കടന്നുകയറ്റമാണെന്ന് ആക്ഷേപമുണ്ട്. സ്വാശ്രയ കോളേജുകൾക്കും പുതു തലമുറ കോഴ്‌സുകൾ അനുവദിച്ചിട്ടുണ്ട്.

കൂടാതെ ഈ കോഴ്സുകളുടെ സിലബസ്, അധ്യാപക യോഗ്യതകൾ, തുടർപഠന സാധ്യതകൾ,കോഴ്സുകളുടെ തുല്യത, ജോലി സാദ്ധ്യതകൾ എന്നിവ സംബന്ധിച്ച് പഠനങ്ങൾ നടത്താതെ കോഴ്സുകൾ നടപ്പാക്കുന്നതിൽ അധ്യാപകരും വിദ്യാർത്ഥികളും ആശങ്കയിലാണ്.

സിലബസ് തയ്യാറാക്കുന്നതിന് മുമ്പ് വിദഗ്ധ അധ്യാപകരെ ഉൾപ്പെടുത്തി വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുന്ന രീതി ഇത്തവണ ഒഴിവാക്കിയിരിക്കുകയാണ്.സർവകലാശാല ചട്ടപ്രകാരം ഈ വിഷയങ്ങൾക്കുള്ള ബോർഡ് ഓഫ് സ്റ്റഡീസ്, ഫാക്കൽറ്റി എന്നിവ ഇതേവരെ രൂപീകരിച്ചിട്ടില്ല.

സർക്കാർ കോളേജുകളിൽ സർവ്വകലാശാലകൾ ശുപാർശ ചെയ്തിട്ടുള്ള കോഴ്സുകൾ മാറ്റി പകരമാണ് ഈ കോഴ്‌സുകൾ അനുവദിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സർവ്വകലാശാല ചട്ടപ്രകാരം സർക്കാർ കോളജുകളിൽ പുതിയ കോഴ്സുകൾക്ക് ഈ വർഷം അംഗീകാരം അനുവദിക്കാൻ കഴിയില്ല.

കേരള ഒഴികെ മറ്റു സർവ്വകലാശാലകൾ പുതിയ കോഴ്സുകളുടെ സിലബസ് അംഗീകരിച്ചിട്ടില്ല. സർവ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ സിലബസുകൾ അംഗീകരിച്ച ശേഷം മാത്രമേ കോഴ്സുകളുടെ പ്രവേശനനടപടികൾ ആരംഭിക്കാൻ കഴിയുകയുള്ളു. കാലിക്കറ്റ്‌ സർവകലാശാല പുതിയ കോഴ്‌സുകൾ അനുവദിച്ച കോളേജുകളോടെ തന്നെ സിലബസ് തയ്യാറാക്കാൻ ചുമതലപെടുത്തിയ വിചിത്രമായ നടപടി ആക്ഷേപങ്ങൾക്ക് ഇടയായിട്ടുണ്ട്.

കേരള സർവകലാശാല പഠനങ്ങൾ കൂടാതെ തിരക്കിട്ട് സിലബസ് അംഗീകരിച്ചതായി ആക്ഷേപമുണ്ട്. അധ്യാപകരുടെ യോഗ്യത പോലും നിശ്ചയിച്ചിട്ടില്ല. ഗസ്റ്റ് അധ്യാപകരെ അഞ്ച് വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കാനാണ് സർക്കാർ ഉത്തരവ്.

സിലബസ്, ഉപരിപഠനം, ജോലി സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയും മുന്നൊരുക്കങ്ങളും നടത്തിയതിനുശേഷം മാത്രമേ പുതുതലമുറ കോഴ്സുകൾ ആരംഭിക്കാൻ പാടുള്ളൂവെന്നും തിരക്കിട്ട് ഈ അക്കാദമിക് വർഷം തന്നെ കോഴ്സുകൾ ആരംഭിക്കുവാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാറും സെക്രട്ടറി ഷാജർഖാനും മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.