വിരാട് കോലി നായകൻ; വിദേശ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: കൊറോണ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷമുള്ള ആദ്യ വിദേശ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളെയാണ് പ്രഖ്യാപിച്ചത്. വിരാട് കോലിയാണ് മൂന്നു ഫോർമാറ്റിലും നായകൻ. പരുക്കുള്ള രോഹിത് ശർമ, ഇഷാന്ത് ശർമ എന്നിവരെ പരിഗണിച്ചിട്ടില്ല.

ഇരുവരുടെയും ചികിത്സാ പുരോഗതി ബിസിസിഐയുടെ മെഡിക്കൽ ടീം പരിശോധിക്കുമെന്നാണ് അറിയിപ്പ്. അജിൻക്യ രഹാനെയാണ് ടെസ്റ്റ് ടീമിന്റെ ഉപനായകൻ. ട്വന്റി20 ഏകദിന ടീമുകളുടെ ഉപനായകൻ കെ.എൽ. രാഹുലാണ്.

യുഎഇയിൽ പുരോഗമിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിൽ ഇടംപിടിച്ചു. മുംബൈ ഇന്ത്യൻസിന്റെ സൂര്യകുമാർ യാദവ് ടീമിൽ ഇടംപിടിക്കുമെന്ന് കരുതിയിരുന്നെങ്കിലും അവസരം ലഭിച്ചില്ല. അമിതവണ്ണം മൂലം ടീമിലേക്ക് പരിഗണിക്കില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്ന യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ടെസ്റ്റ് ടീമിൽ ഇടംപിടിച്ചു. അതേസമയം ഏകദിന, ട്വന്റി20 ടീമുകളിൽ പന്തിന് ഇടമില്ല.

മൂന്ന് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം. സുനിൽ ജോഷിയുടെ നേതൃത്വത്തിലുള്ള സിലക്ടർമാർ വിഡിയോ കോൺഫറൻസ് വഴി യോഗം ചേർന്നാണ് ടീമിനെ തിരഞ്ഞെടുത്തത്. ഏതാണ്ട് ഏഴു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ടീമിനെ തിരഞ്ഞെടുക്കാൻ സിലക്ടർമാർ സമ്മേളിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന, ട്വന്റി20 മത്സരങ്ങൾ സിഡ്നിയിലും കാൻബറയിലുമായി നടത്താനാണ് നീക്കം. ഇതിനു പിന്നാലെ വരുന്ന നാലു മത്സരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പരയ്ക്കും ഇതേ വേദികളാണ് പരിഗണിക്കുന്നത്.

മത്സരക്രമവും വേദികളും ബിസിസിഐയോ ക്രിക്കറ്റ് ഓസ്ട്രേലിയയോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യുഎഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിനു ശേഷം ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ താരങ്ങൾ ദുബായിൽ ഒരുമിച്ചുചേരും. ഇതിനു മുന്നോടിയായി മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെയുള്ള പരിശീലക സംഘാംഗങ്ങൾ യുഎഇയിലെത്തിയിട്ടുണ്ട്. ചട്ടപ്രകാരം ക്വാറന്റീനിലാണ് ഇവർ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പതിവിലും വലിയ ടീമിനെയാകും ഓസീസ് പര്യടനത്തിനായി തിരഞ്ഞെടുക്കുന്നത്. ഇപ്പോഴത്തെ ധാരണയനുസരിച്ച് ഇന്ത്യൻ ടീം ദുബായിൽനിന്ന് വിമാനമാർഗം സിഡ്നിയിലേക്ക് പോകും.

ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ.എൽ. രാഹുൽ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സെയ്നി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, മുഹമ്മദ് സിറാജ്

ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാള്‍, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ഷാർദുൽ താക്കൂർ

ട്വന്റി ടീം: വിരാട് കോലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, യുസ്‌വേന്ദ്ര ചെഹൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ദീപക് ചാഹർ, വരുൺ ചക്രവർത്തി

ഈ ടീമുകൾക്കു പുറമെ കോവിഡിന്റെ പശ്ചാത്തലത്തിൽ നാല് അധിക ബോളർമാരെ കൂടി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്: കംലേഷ് നാഗർകോട്ടി, കാർത്തിക് ത്യാഗി, ഇഷാൻ പോറൽ, ടി.നടരാജൻ