ലക്നൗ: ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പത്തൊൻപതുകാരി മരിച്ചു. ഡെൽഹി എയിംസിൽ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയിരുന്നുവെങ്കിലും അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയാണ് വിദഗ്ധ ചികിത്സക്കായി പെൺകുട്ടിയെ ഡെൽഹിയിലേക്ക് മാറ്റിയത്.
കേസിൽ നാലു പ്രതികൾ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ 14 നാണ് മാതാവിനൊപ്പം പുല്ല് വെട്ടാൻ പോയിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകള്‍ ഉണ്ടെന്നും പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ഡോക്ടര്‍ പറഞ്ഞു.
നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. കേസിൽ പോലിസ് ഇടപെടൽ വൈകിയതിൽ ശക്തമായ പ്രതിഷേധമുണ്ട്. എന്നാൽ പോലിസ് ഇത് നിഷേധിച്ചു. സംഭവം നടന്ന് വൈകാതെ തന്നെ ഒരാളെ അറസ്റ്റ് ചെയ്തെന്നും പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാക്കി മൂന്നു പേരെയും വേഗത്തിൽ തന്നെ അറസ്റ്റ് ചെയ്തെന്നും പോലിസ് പറയുന്നു.
അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാന്‍ എസ്പി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും യുപി പൊലീസ് ട്വീറ്റ് ചെയ്തു.