ശ്രീലങ്കയിൽ ഗോവധം നിരോധിച്ച് സർക്കാർ;ബീഫ് കഴിക്കുന്നവർക്ക് ഇറക്കുമതി ചെയ്ത് ഉപയോഗിക്കാം

കൊളംബോ: ശ്രീലങ്കൻ സർക്കാർ ഗോവധം നിരോധിക്കാനുള്ള നിർദേശം അംഗീകരിച്ചു. തിങ്കളാഴ്ചയാണ് ഗോവധം നിരോധിക്കാനുള്ള നിർദേശം ശ്രീലങ്കൻ സർക്കാർ അംഗീകരിച്ചത്. സർക്കാർ തീരുമാനം നിയമമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സർക്കാർ വക്താവും മാസ് മീഡിയ മന്ത്രിയുമായ കെഹലിയ റംബുക്വെല്ല പറഞ്ഞു. എന്നാൽ ബീഫ് കഴിക്കുന്നവർക്ക് ഇറക്കുമതി ചെയ്ത് ഉപയോഗിക്കാം.പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയാണ് ഗോവധം നിരോധിക്കണമെന്ന നിർദേശം പാർലമെന്ററി ഗ്രൂപ്പിന് മുന്നിൽ സമർപ്പിച്ചത്.

ഗോവധ നിരോധനം നടപ്പാക്കാനായി ആനിമൽ ആക്ട്, ഗോവധ ഓർഡിനൻസ്, മറ്റ് ബന്ധപ്പെട്ട നിയമങ്ങളിലെല്ലാം ഭേദഗതി വരുത്തുമെന്നും മന്ത്രി അറിയിച്ചു. പാരമ്പര്യ കാർഷികവൃത്തിക്ക് കന്നുകാലികളെ കിട്ടാനില്ലെന്ന വ്യാപക പരാതിയുയർന്നതിനാലാണ് ഗോവധം നിരോധിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.

2012ലെ സെൻസസ് അനുസരിച്ച് രണ്ട് കോടി ജനങ്ങളാണ് ശ്രീലങ്കയിൽ ഉള്ളത്. ഇതിൽ 70.10 ശതമാനം ബുദ്ധമത വിശ്വാസികളും 12.58 ശതമാനം ഹിന്ദുക്കളും 9.66 ശതമാനം മുസ്ലീങ്ങളും 7.62 ശതമാനം ക്രിസ്ത്യാനികളുമാണ്. അതേസമയം, ബീഫ് ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്തേണ്ടതില്ലെന്നും ആവശ്യക്കാർക്ക് ഉപയോഗിക്കാമെന്നും സർക്കാർ അറിയിച്ചു. കാർഷിക മേഖലയാണ് രാജ്യത്തിന്റെ നട്ടല്ലെന്നും ഗ്രാമീണ ജനജീവിതം മെച്ചപ്പെടുത്തുന്നതിൽ കന്നുകാലി സമ്പത്തിന്റെ പങ്ക് വലുതാണെന്നും ശ്രീലങ്കൻ സർക്കാർ അറിയിച്ചു.