മാവോയിസ്റ്റ് നേതാവ് സി പി ജലീൽ പോലീസിന് നേരെ വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

കൽപ്പറ്റ: വൈത്തിരി വെടിവയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീൽ പോലീസിന് നേരെ വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. വൈത്തിരി റിസോർട്ടിൽ പോലിസ് വെടിവെപ്പിൽ ജലീലിന്റെ കൈവശം ഉണ്ടായിരുന്നതായി കാണിച്ച് പോലിസ് ഹാജരാക്കിയ തോക്കിൽ നിന്നും വെടിയുതിർത്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജലീലിന്റെ വലതു കയ്യിൽ വെടിമരുന്നിന്റെ അംശം ഇല്ലെന്നും സ്ഥലത്ത് നിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ പോലീസിന്റെ തോക്കിൽ നിന്നും ഉള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജലീൽ വെടിയുതിർത്തപ്പോൾ തിരികെ വെടിയുതാണെന്നുള്ള പോലിസ് വാദം നിഷേധിക്കുന്നതാണ് ഫോറൻസിക് റിപ്പോർട്ട്.

ഇതോടെ ജലീലിന്റെ മരണം വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന ആരോപണങ്ങൾ വീണ്ടും ഉയരുകയാണ്.
2019 മാർച്ച് ആറിന് വയനാട്ടിലെ വൈത്തിരിയിലെ ഉപവൻ എന്ന സ്വകാര്യ റിസോർട്ടിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് ജലീൽ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം. ജലീലിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നും തോക്ക് കണ്ടെടുത്തിരുന്നു. ഇതിൽ നിന്നാണ് ജലീൽ വെടി വച്ചതെന്നാണ് പോലിസ് പറഞ്ഞിരുന്നത്.

ഫെബ്രുവരിയിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ജലീലിന്റെ ബന്ധുക്കൾക്ക് കിട്ടിയതോടെയാണ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍ ജലീലിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുന്നുവെന്നും ആരോപിച്ച് ജലീലിന്‍റെ ബന്ധുക്കള്‍ മുന്നോട്ട് വന്നിരുന്നു. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധനയില്‍ ജലീലിനെ ആസൂത്രിതമായി വെടിവച്ചു കൊന്നതാണെന്ന് മനസ്സിലാക്കാമെന്നും ഇവര്‍ പറയുന്നു. അന്വേഷണത്തിന്‍റെ പേരില്‍ ജലീലിന്‍റെ കുടുംബത്തെ പോലും വേട്ടയാടുന്നുവെന്നും ഇവര്‍ ആരോപിച്ചിരുന്നു.