കൊച്ചി: ഇന്നലെ രണ്ടു തവണയായി 1,040 രൂപ വർധിച്ചതിനു പിന്നാലെ സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 800 രൂപ കുറഞ്ഞ് 39,440 രൂപയായി. ഗ്രാമിന് 100 രൂപകുറഞ്ഞ് 4930 രൂപയാണ് ഇന്നത്തെ സ്വർണവില. ഇന്നലെ രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപ കൂടി വർധിച്ച് സ്വർണവില 40,240 രൂപയിലെത്തിയിരുന്നു.
അന്താരാഷ്ട്ര വില ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 2,002.12 ഡോളറായി കുറഞ്ഞു. കഴിഞ്ഞദിവസം 2,010 ഡോളറിലേക്ക് വില ഉയർന്നിരുന്നു. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടർച്ചയായി സ്വർണവില കൂടിയും കുറഞ്ഞും ആണ് നില്കുന്നത്.
കൊറോണ പ്രതിസന്ധി കൂടാതെ യുഎസ്-ചൈന ബന്ധം, അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് കാമ്പയിൻ എന്നിവയെല്ലാം ആഗോള വിപണിയിൽ അടുത്ത ദിവസങ്ങളിലെ സ്വർണവിലയെ ബാധിച്ചേക്കാം.