രോഹിത് ശർമ്മ ഉൾപ്പെടെ നാല് കായിക താരങ്ങൾക്ക് ഖേൽ രത്ന പുരസ്കാര ശുപാർശ

ന്യൂഡെൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ നാലു പേർക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് ശുപാർശ. രോഹിത് ശർമയ്ക്കു പുറമെ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ട്, ടേബിൾ ടെന്നിസ് താരം മണിക ബത്ര, റിയോ പാരാലിംപിക്സിൽ സ്വർണ മെഡൽ നേടിയ ഹൈജംപ് താരം മാരിയപ്പൻ തങ്കവേലു എന്നിവരെയാണ് കായിക മന്ത്രാലയം നിയോഗിച്ച 12 അംഗ സിലക്ഷൻ കമ്മിറ്റി ഖേൽരത്‌ന പുരസ്കാരത്തിന് ശുപാർശ ചെയ്തത്.

കൊറോണ പശ്ചാത്തലത്തിൽ ഇത്തവണ പുരസ്കാര ദാനം വെർച്വലായാണ് നടക്കുക. 29നാണ് പുരസ്കാരദാനം. ഇത് രണ്ടാമത്തെ തവണയാണ് രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് നാലു പേരെ ഒരുമിച്ചു ശുപാർശ ചെയ്യുന്നത്. 2016ൽ ബാഡ്മിന്റൻ താരം പി.വി. സിന്ധു, ജിംനാസ്റ്റ് ദീപ കർമാകർ, ഷൂട്ടിങ് താരം ജിത്തു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിവരെ ശുപാര്‍ശ ചെയ്യുകയും നാലുപേര്‍ക്കും ഒരുമിച്ച് പുരസ്കാരം നൽകുകയും ചെയ്തിരുന്നു.

പുരസ്കാരം ലഭിച്ചാല്‍ സച്ചിൻ തെൻഡുൽക്കർ (1998), മഹേന്ദ്ര സിംഗ് ധോണി (2007), വിരാട് കോലി (2018) എന്നിവർക്കു ശേഷം ഖേൽരത്‍‌ന പുരസ്കാരം നേടുന്ന നാലാമത്തെ മാത്രം ക്രിക്കറ്റ് താരമാകും രോഹിത്. 2019ലെ പ്രകടനമികവിൻ്റെ അടിസ്ഥാനത്തിലാണ് രോഹിതിന് നാമനിർദ്ദേശം ലഭിച്ചത്. കലണ്ടർ വർഷത്തിൽ ഏറ്റവുമധികം ഏകദിന റൺസുകൾ രോഹിതാണ് നേടിയത്, 1490 റൺസ്. 2019ൽ ഏഴ് സെഞ്ചുറികളും അദ്ദേഹം നേടി. അതും റെക്കോർഡാണ്.

2018 കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും നേടിയ സ്വർണ മെഡൽ, 2019 ഏഷ്യൻ ഗുസ്തി ചാമ്പ്യൻസിപ്പിലെ വെങ്കല മെഡൽ എന്നിവകളുടെ അടിസ്ഥാനത്തിലാണ് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ നാമനിർദ്ദേശം ചെയ്തത്. 2016 റിയോ പാരാലിമ്പിക്സിൽ നേടിയ സ്വർണമാണ് തങ്കവേലുവിനെ നാമനിർദ്ദേശം ചെയ്യാൻ കാരണമായത്. 2018ലെ ഗംഭീര പ്രകടനമാണ് മാണിക ബത്രക്ക് ഗുണമായത്. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ബത്ര ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയിരുന്നു.