മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യുപിഐ സർവറുകൾ പണിമുടക്കിയിട്ട് ഒരാഴ്ച പിന്നിടുന്നു. ‘സർവർ താത്കാലികമായി ലഭ്യമല്ലെ’ന്നോ ബാങ്ക് ‘സർവർ പ്രതികരിക്കുന്നില്ലെ’ന്നോ ആണ് പണക്കൈമാറ്റത്തിനു ശ്രമിക്കുമ്പോൾ ലഭിക്കുന്ന സന്ദേശം. യുപിഐ പണക്കൈമാറ്റങ്ങൾ നടത്താൻ കഴിയാതെ വന്ന ഉപഭോക്താക്കൾ എസ്ബിഐയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പരാതിപ്പെടുന്നുണ്ട്. എന്നാൽ പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന മറുപടിയാണ് എസ്ബിഐ നൽകിക്കൊണ്ടിരിക്കുന്നത്.
ഓഗസ്റ്റ് മൂന്നിന് തുടങ്ങിയ യുപിഐ സർവർ പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. മുമ്പും എസ്ബിഐ സർവറുകൾ സമാനരീതിയിൽ പണിമുടക്കിയിരുന്നു. ഓഗസ്റ്റ് മൂന്നു മുതലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയായ എസ്ബിഐയുടെ യുപിഐ അധികരിച്ചുള്ള പണക്കൈമാറ്റങ്ങൾ മുടങ്ങിയത്.
ക്യാഷ്‌ലസ് എക്കോണമിയുടെ ഭാഗമായി അവതരിപ്പിച്ച യുപിഐയുടെ വരവോടെ രാജ്യത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സേവനമായി അത് മാറിയിരുന്നു. എളുപ്പത്തിലും സുരക്ഷിതമായും പണക്കൈമാറ്റം നടത്താൻ കഴിയും എന്നതായിരുന്നു യുപിഐയുടെ ആകർഷണീയത.
നിരവധി യുപിഐ ആപ്പുകളും ഇതേ തുടർന്ന് പുറത്തിറങ്ങി. എന്നാൽ ഈ ആപ്പുകളിലൊന്നും എസ്ബിഐയുടെ സേവനം ലഭിക്കുന്നില്ല. ഗൂഗിൾ പേ, ഫോൺ പേ, ഭീം തുടങ്ങിയ ആപ്പുകളൊക്കെ സമാന പ്രശ്നം നേരിടുകയാണ്. യുപിഐ ആപ്പുകൾ വഴി പണം അടക്കാനോ അക്കൗണ്ട് ബാലൻസ് പരിശോധിക്കാനോ ഒന്നും സാധിക്കുന്നില്ല. ഇതേ തുടർന്ന് ഉപഭോക്താക്കൾ കൂട്ടത്തോടെ എസ്ബിഐ വിട്ട് മറ്റ് ബാങ്കുകളിലേക്ക് ചേക്കേറുകയായിരുന്നു.