സ്വർണ വില വീണ്ടും റെക്കോർഡ് കുതിപ്പിൽ; പവന് 39200 ₹

കൊച്ചി: സ്വർണ വില വീണ്ടും റെക്കോർഡ് കുതിപ്പിലേക്ക്‌. ഒരു പവൻ സ്വർണത്തിന് 39200 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 38600 ആയിരുന്നു വില. പവന് ഒറ്റയടിക്ക് 600 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് ഇന്നലെ 4825 രൂപയായിരുന്നു എങ്കിൽ ഇന്ന് 4900 ആണ് ഗ്രാമിൻ്റെ വില. ഗ്രാമിന് 75 രൂപയാണ് ഉയര്‍ന്നത്. 5000 രൂപയിലേക്കാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില നീങ്ങുന്നത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 4900 രൂപ നല്‍കണം.

രാജ്യാന്തര വിപണിയിലും സ്വർണത്തിന് വില കുത്തനെ കുതിച്ചിട്ടുണ്ട്. ഔൺസിനു 1949 ഡോളറിനാണ് ഇപ്പോൾ വ്യാപാരം.

സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയാണ് പവന് 38000 കടന്നത്. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുതിയ്ക്കുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിയ്ക്കുന്നത്. രണ്ടു മാസം കൊണ്ട് പവന് 5000 ത്തിൽ അധികം രൂപയുടെ വർധനവാണ് ഉണ്ടായത്. ഇൗ വർഷം 8000 ത്തിലധികം രൂപയോളം വർധനവാണ് ഉണ്ടായത്.

നേരത്തെ തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ആറുദിവസമായി വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് വില ഇനിയും കുതിച്ചേക്കും. ഇതോടെ ഒരു പവൻ സ്വർണത്തിന് ജിഎസ്ടി , പണിക്കൂലി എന്നിവ ചേർത്ത് 40000 ലധികം രൂപയാണ് വാങ്ങുന്നവർക്ക് മുടക്കേണ്ടി വരിക.