എസ് ബി ഐയുടെ പേരില്‍ വ്യാജശാഖ ; മുൻ ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈ: എസ്ബിഐയുടെ പേരിൽ തട്ടിപ്പ് നടത്തിയതിന് മുൻ ബാങ്ക് ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ കടലൂരാണ് സംഭവം. ഇല്ലാത്ത ശാഖയുടെ പേര് പറഞ്ഞാണ് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്. കമല്‍ ബാബു എന്ന യുവാവും ഇയാളുടെ സഹായികളായ രണ്ടു പേരുമാണ് അറസ്റ്റിലായത്.

ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകള്‍, പണം അടക്കുന്നതിനുള്ള രസീതുകള്‍ എന്നിവ അടക്കമുള്ള രേഖകള്‍ ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇല്ലാത്ത ബാങ്ക് ശാഖയുടെ പേരിൽ ഇവർ ഇടപാടുകാരിൽ നിന്ന് പണം പറ്റുകയായിരുന്നു. ഇതിനായി ഇവർ വ്യാജ സ്റ്റാമ്പും രസീതുകളും നിർമ്മിക്കുകയായിരുന്നു.

മൂന്ന് മാസം മുമ്പാണ് മൂവര്‍ സംഘം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യാജശാഖ ആരംഭിച്ചത്. എന്നാല്‍ ഇതുവരെ ആരും ഈ ശാഖയില്‍ നിക്ഷേപം നടത്തിയിട്ടില്ല. സംശയം തോന്നിയ ഒരു ഉപഭോക്താവ് എസ്ബിഐയുടെ മറ്റൊരു ശാഖയില്‍ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

എസ്ബിഐയ്ക്ക് രണ്ട് ശാഖകളാണ് പന്റുത്തിയിലുള്ളത്. ഇതില്‍ ഒരു ശാഖാ മാനേജരോട് മൂന്നാം ശാഖ തുറന്നിട്ടുണ്ടോയെന്ന് ഉപഭോക്താവ് അന്വേഷിച്ചതോടെയാണ് സംഭവത്തില്‍ ബാങ്ക് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്.