വായ്പാ തിരിച്ചടവ് മൂന്നുമാസത്തേയ്ക്കു നീട്ടി; റിപ്പോ നിരക്ക് 0.40 കുറച്ചു

ന്യൂഡൽഹി: ലോക് ഡൗൺ മൂലം ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വാസമായി റിസർവ് ബാങ്കിന്റെ പ്രഖ്യാപനങ്ങൾ. എട്ടുലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആർബിഐ പ്രഖ്യാപിച്ചു. വായ്പാ തിരിച്ചടവുകൾക്കുള്ള മോറട്ടോറിയം മൂന്നുമാസത്തേയ്ക്കു കൂടി നീട്ടി.ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടാൻ തീരുമാനിച്ചത്. നേരത്തെ മാർച്ച് ഒന്നുമുതൽ മെയ് 31വരെ മൂന്നുമാസത്തേയ്ക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. കൂടാതെ റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.40 ശതമാനം കുറവുവരുത്തി.
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് റിപ്പോ നിരക്കിൽ കുറവ് വരുത്തിയത്.
ഇതോടെ റിപ്പോ നിരക്ക് നാലുശതമാനമായി. കൂടാതെ റിവേഴ് റിപ്പോ നിരക്ക് 3.75ശതമാനത്തിൽനിന്ന് 3.35ശതമാനമാക്കിയും കുറച്ചു.

നിരക്ക് കുറയ്ക്കുന്നത് വിപണിയിൽ പ്രതിഫലിച്ചുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു. വിവിധ മേഖലകൾക്കായി ബാങ്കുകൾ നൽകുന്ന വായ്പയുടെ പലിശയിൽ കാര്യമായ കുറവുന്നു.

തിരിച്ചടവ് കാലാവധി വീണ്ടും നീട്ടിയതോടെ അടച്ചിടൽമൂലം പ്രതിസന്ധിയിലായ വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആശ്വാസമാകും. ആഗോള സമ്പദ്ഘടന മാന്ദ്യത്തിലൂടെയാണ് ഇപ്പോൾ കടുന്നുപോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.