മുംബൈ: വിവാദമായ വ്യക്തികളുടെയും സ്ഥാപനങ്ങളുടേതുമടക്കം 68,607 കോടി രൂപയുടെ വായ്പ കടങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എഴുതി തള്ളിയതായി തെളിഞ്ഞു. രത്നവ്യാപാരികളും സ്വർണാഭരണ വ്യാപാരികളുമായ
50 പേരുടെ വായ്പകളാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. സാകേത് ഗോഖലെ എന്ന വിവരാവകാശ പ്രവർത്തകൻ ഫെബ്രുവരി 16-ന് നൽകിയ അപേക്ഷയിലാണ് ഇപ്പോൾ ആർബിഐ മറുപടി നൽകിയിരിക്കുന്നത്.
ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് മുങ്ങിയ മെഹുൽ ചോക്സിയുൾപ്പെടെയുള്ളയുള്ള പല പ്രമുഖരുടെയും
68,607 കോടി രൂപയോളം വരുന്ന വായ്പകളാണ് ബാങ്കുകൾ എഴുതിത്തള്ളിയിരിക്കുന്നത്.
മെഹുൽ ചോക്സിയുടെ വിവാദ കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന് 5,492 കോടി രൂപ കുടിശ്ശികയുണ്ട്.
ഗിലി ഇന്ത്യ ലിമിറ്റഡ്, നക്ഷത്ര ബ്രാൻഡ്സ് ലിമിറ്റഡ് എന്നിവയും 1,447 കോടി രൂപയും 1,109 കോടി രൂപയുമാണ് കുടിശ്ശിക ഉള്ളത്. എൻഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലുള്ള സന്ദീപ് ജുജുൻവാലയുടെ സ്ഥാപനമായ ആർ.ഇ.ഐ അഗ്രോ ലിമിറ്റഡ് എന്ന സ്ഥാപനത്തിനു 4,314 കോടിയാണ് വായ്പാ കുടിശ്ശിക. രാജ്യം വിട്ട മറ്റൊരു രത്നവ്യാപാരിയായ ജെയതിൻ മേത്തയുടെ വിൻസം ഡയമണ്ട്സിന് 4,076 കോടിയോളം രൂപയാണ് വായ്പാ കുടിശ്ശിക. റോട്ടോമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്, കുഡോസ് കെമി, ബാബാ രാംദേവ് ആൻഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ രുചി സോയ ഇൻഡസ്ട്രീസ്, സൂം ഡെവലപ്പേഴ്സ് തുടങ്ങിയ സ്ഥാപനങ്ങൾ 2000 കോടിക്ക് മുകളിൽ വായപാ കുടിശ്ശികയുള്ളവരാണ്. ഇവരുടെയെല്ലാം വായ്പ കുടിശ്ശികകളാണ് ബാങ്ക് എഴുതിതള്ളിയിരിക്കുന്നത്.
എന്നാൽ 2019 സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം വായ്പ തിരികെ അടയ്ക്കാത്ത 50 പേരുടെ വായ്പാ കുടിശ്ശിക ഉൾപ്പെടെ 68,607 കോടി രൂപ ബാങ്കുകൾ എഴുതി തള്ളിയെന്നാണ് ആർബിഐയുടെ വിശദീകരണം.
പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും മറുപടി നൽകാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് താൻ ആർബിഐയെ സമീപിച്ചതെന്ന് സാകേത് ഗോഖലെ പറയുന്നത്. ചോക്സി ഉൾപ്പെടെയുള്ള 50 പേരുടെ പേരിലുള്ള വായ്പകളുടെ നിജസ്ഥിതിയെന്താണെന്നാണ് ഇയാൾ അന്വേഷിച്ചത്.