റിസര്‍വ് ബാങ്ക് റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചു; സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം തുക മുന്‍കൂറെടുക്കാം

ന്യൂഡെൽഹി : രാജ്യത്തെ സാമ്പത്തിക മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വേഗത്തില്‍ തിരിച്ചുവരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. അടിയന്തര നടപടികള്‍ എടുക്കേണ്ട സാഹചര്യമാണിത്. ലോകത്താകമാനം സാമ്പത്തികമാന്ദ്യത്തിന് സാധ്യതയുണ്ടെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.

കൊറോണയുടെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് റിവേഴ്‌സ് റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.75 ശതമാനത്തിലേക്ക് കുറച്ചു. കൊറോണ പശ്ചാതലത്തിൽ
സംസ്ഥാനങ്ങള്‍ക്ക് ദൈനംദിന ചെലവുകള്‍ക്ക് 60 ശതമാനം തുക മുന്‍കൂറായെടുക്കാമെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു. ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് 50000 കോടി രൂപ, നബാര്‍ഡ്, സിഡ്ബി എന്നിവയ്ക്ക് 50000 കോടി രൂപ എന്നിങ്ങനെ അനുവദിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.

ഇന്ത്യ 1.9 ശതമാനം വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.20 രാജ്യങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് ഇന്ത്യയ്ക്കായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോക്ക് ഡൗണ്‍ കാലത്തും ജോലി ചെയ്ത സാമ്പത്തികമേഖലയിലെ ജീവനക്കാര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. മാര്‍ച്ചില്‍ വാഹനവിപണി ഇടിഞ്ഞു. രാജ്യത്തിന്റെ വിദേശനാണ്യശേഖരം ശക്തമാണ്. 2021-22 കാലയളവില്‍ 7.4 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.