ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി.കെ ബാനര്‍ജി അന്തരിച്ചു

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ ക്യാപ്റ്റനുമായ പി.കെ ബാനർജി (83) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഒന്നര മാസമായി

ആശുപത്രിയിലായിരുന്ന ഇദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്.

ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി 84 മൽസരങ്ങളിൽ ബൂട്ടണിഞ്ഞ ബാനർജി 65 രാജ്യന്തരഗോളുകൾ നേടി. 1956 മെൽബൺ ഒളിംപിക്സിൽ നാലാം സ്ഥാനത്തെത്തിയ ടീമിൽ അംഗമായിരുന്നു. 1960 റോം ഒളിംപിക്സിൽ ടീമിന്‍റെ ക്യാപ്റ്റനുമായി. ഫ്രാന്‍സ് ടീമിനെതിരേ ഇന്ത്യയുടെ സമനില ഗോള്‍ നേടിയതും അദ്ദേഹമായിരുന്നു.

1962-ലെ ഏഷ്യൻ ഗെയിംസ് ഫുട്ബോൾ ഫൈനലിൽ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1 ന് ജയിച്ച മത്സരത്തിൽ ടീമിനായി 17-ാം മിനിറ്റിൽ ഗോൾ നേടി.

1956-ലെ മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ അദ്ദേഹം ക്വാർട്ടർ ഫൈനലിൽ ഓസീസിനെ 4-2 ന് തോൽപ്പിച്ച കളിയിൽ നിർണായക പങ്കും വഹിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിന് ബാനർജിയുടെ സംഭാവനകൾ കണക്കിലെടുത്ത് ഫിഫ ഭരണസമിതി 2004-ൽ അദ്ദേഹത്തിന് ‘ഓർഡർ ഓഫ് മെറിറ്റ്’ നൽകി ആദരിച്ചിരുന്നു. 1961-ൽ അർജുന പുരസ്കാരവും 1990-ൽ പദ്മ ശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.