റിയോ ഡി ജനീറോ: ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും എഴുപത്തൊമ്പതാം വയസിലും താൻ സുഖമായിരിക്കുന്നുവെന്ന് ഫുട്ബോൾ ഇതിഹാസം പെലെ. ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന മകൻ എഡീഞ്ഞോയുടെ വെളിപ്പെടുത്തൽ തള്ളിയാണ് പെലേ രംഗത്തെത്തിയത്.
”ഞാൻ സുഖമായിരിക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ അതിന്റേതായ രീതിയിൽ സ്വീകരിക്കുന്ന രീതി തുടരും. എന്റെ പ്രായത്തിലുള്ളവർക്കെല്ലാമെന്ന പോലെ എനിക്ക് നല്ല ദിവസവും മോശം ദിവസവും ഉണ്ടാവാറുണ്ട്. അത് സാധാരണമാണ്. അതിനെ കുറിച്ചോർത്ത് ആശങ്കയില്ല. എനിക്ക് ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ട്”,
ഈ ഒക്ടോബറിൽ 80 വയസ് തികയുമെന്നും പെലെ വ്യക്തമാക്കി.
ബ്രസീലിന്റെ ഫുട്ബോൾ ഇതിഹാസം പെലെ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മകൻ എഡീഞ്ഞോ വെളിപ്പെടുത്തിയത്. മോശം ആരോഗ്യസ്ഥിതിയാണ് പെലെയെ വിഷാദരോഗത്തിലേക്ക് നയിച്ചതെന്നും എഡീഞ്ഞോ പറഞ്ഞിരുന്നു. ബ്രസീലിയൻ മാധ്യമം ‘ടിവി ഗ്ലോബോ’യ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എഡീഞ്ഞോ.
പെലെയുടെ ആരോഗ്യസ്ഥിതി കുറച്ചുവർഷങ്ങളായി മോശമാണ്. 2014-ൽ ഗുരുതരമായ മൂത്രാശയ അണുബാധയെത്തുടർന്ന് പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഡയാലിസിസിനായി ഐ.സി.യുവിലേക്ക് മാറ്റി. അസുഖം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ട പെലെ പിന്നീട് ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി. അതിനുശേഷം വീൽചെയറിലായിരുന്നു പെലെയുടെ ജീവിതം.
മൂന്നു ലോകകപ്പുകൾ നേടിയ ഏക ഫുട്ബോൾ താരമാണ് പെലെ. 1958, 1962, 1970 വർഷങ്ങളിലായിരുന്നു പെലെ ബ്രസീലിനൊപ്പം ലോകകിരീടത്തിൽ പങ്കാളിയായത്. ഈ മെയിൽ പെലെയുടെ മൂന്നാം ലോകകപ്പ് കിരീടനേട്ടത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ഫുട്ബോൾ ആരാധകർ. മെക്സിക്കോയിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഇറ്റലിയെ തോൽപ്പിച്ചായിരുന്നു ബ്രസീലിന്റെ കിരീടനേട്ടം.
എന്തായാലും പെലെയുടെ വെളിപ്പെടുത്തൽ ഫുട്ബോൾ ലോകം ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here