വനിതാ ട്വന്റി 20; ഇന്ത്യയുടെ സ്വപ്നം കൊഴിഞ്ഞു

മെൽബൺ: വനിതകളുടെ ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റ് ഫൈനലിൽ ഇന്ത്യയുടെ മോഹം കൊഴിഞ്ഞു. 11 റൺസിനാണ് ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ ചാമ്പ്യൻമാരായത്.
നാല് ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റെടുത്ത ജെസ്സ് ജോനസ്സെനാണ് ഇന്ത്യയെ തകർത്തത്. സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ ആറിന് 155; ഇന്ത്യ 20 ഓവറിൽ 144ന് പുറത്ത്.


ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ബേത് മൂണിയുടെ (54 പന്തിൽ 71) അർധസെഞ്ചുറി മികവിലാണ് മികച്ച ടോട്ടലിലെത്തിയത്. ആഷ്ലി ഗാർഡ്നർ, മെഗ് ലാനിങ് എന്നിവർ 26 റൺസ് വീതമെടുത്തു.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കായി സ്മൃതി മന്ഥാന (37 പന്തിൽ 66) മാത്രമാണ് തിളങ്ങിയത്. റിച്ച ഘോഷ് (17), ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ (14) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇംഗ്ലണ്ടായിരുന്നു ടൂർണമെന്റിലെ മൂന്നാമത്തെ ടീം.