മുംബൈ: സേവന വേതന വ്യവസ്ഥകളും പെൻഷനും പരിഷ്ക്കരിക്കുക എന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി 48 മണിക്കൂർ പണിമുടക്ക് തുടങ്ങി.ഇതോടെ രാജ്യത്തെ പൊതു മേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെട്ടു.ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത സമിതിയായ
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖുത്തിലാണ് പണിമുടക്ക്.യുണിയനും അധിക്യതരുമായി ഡൽഹിയിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു.
കുടുംബ പെൻഷൻ വർധിപ്പിക്കുക, പ്രവർത്തന ലാഭാടിസ്ഥാനത്തിൽ സ്റ്റാഫ് വെൽഫെയർ ഫണ്ട് പുതുക്കിനിശ്ചയിച്ച് പഞ്ചദിനവാര പ്രവർത്തനം നടപ്പിലാക്കുക, സ്പെഷൽ അലവൻസ് അടിസ്ഥാന ശമ്പളത്തോട് സംയോജിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കുക തുടങ്ങിയ പന്ത്രണ്ടിന ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാരുടെ പണിമുടക്കുന്നത്.
പൊതു, സ്വകാര്യ മേഖലാ ബാങ്കുകളിലെ പത്തുലക്ഷത്തോളം ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ജീവനക്കാരുടെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം നാളെ ജില്ലാ കളക്ടർമാർ വഴി പ്രധാനമന്ത്രിക്ക് നൽകും. ഇവ അംഗീകരിച്ചില്ലെങ്കിൽ മാർച്ച് 11 മുതൽ 13 വരെ വീണ്ടും പണിമുടക്കും.
പ്രശ്നപരിഹാരമായില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ഭാരവാഹികൾ അറിയിച്ചു.