ഓസ്‌ട്രേലിയന്‍ ഓപ്പൺ: ജോക്കോവിച്ചിനെ ഡൊമിനിക് തീം നേരിടും

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ കിരീട നിലനിർത്താനുള്ള അവസാന കടമ്പയിൽ നൊവാക് ജോക്കോവിച്ച് എതിരാളി ഡൊമിനിക് തീമിനെ നേരിടും. രണ്ടാം സെമിയിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ തോൽപ്പിച്ചാണ് ഓസ്ട്രിയൻ താരം തീം ഫൈനലിലെത്തിയത് (3-6, 6-4, 7-6, 7-6).

ആവേശകരമായ മത്സരത്തിൽ അവസാന രണ്ടു സെറ്റുകളും ടൈബ്രേക്കറിൽ നേടിയാണ് തീം ഓസ്ട്രേലിയൻ ഓപ്പണിലെ ആദ്യ ഫൈനലിലേക്ക് പ്രവേശിച്ചത്. ഞായറാഴ്ചയാണ് ഫൈനൽ.
ജോക്കോവിച്ചിനെ നേരിടാൻ തീമിന് നന്നേ വിയർക്കേണ്ടി വരും.

കളിയുടെ തുടക്കത്തിൽ സ്വരേവാണ് കോർട്ടിൽ തിളങ്ങിയത്. മികച്ച സർവുകളും റിട്ടേണുകളുമായി കളംനിറഞ്ഞ സ്വരേവ് തീമിനെ ബ്രേക്ക് ചെയ്ത് ആദ്യ സെറ്റ് 6-3ന് നേടി. അടുത്തസെറ്റിൽ നിർണായക ബ്രേക്ക് നേടി തിരിച്ചടിച്ചതോടെ 6-4 എന്ന സ്കോറിൽ തീമിന് രണ്ടാം സെറ്റ് സ്വന്തമായി.
അവസാന രണ്ടു സെറ്റുകളിൽ ഇരുവരും ഒപ്പത്തിനൊപ്പം പോരാടിയതോടെ വിധിനിർണയത്തിന് ടൈബ്രേക്കർ വേണ്ടിവന്നു. രണ്ടു സെറ്റും ടൈബ്രേക്കറിൽ സ്വന്തമാക്കി തീം ഫൈനലിലേക്ക് കുതിച്ചപ്പോൾ വീറുറ്റ പോരാട്ടത്തിനൊടുവിൽ സ്വരേവ് തലകുനിച്ചു.