പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആധിപത്യം പുലർത്തിയെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. ബേണ്‍ലിയാണ് യുണൈറ്റഡിനെ അട്ടിമറിച്ചത്.

ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബേണ്‍ലിയുടെ ജയം. കളിയിൽ ആധിപത്യം പുലർത്തിയ യുണൈറ്റഡിന് ഗോൾ നേടാൻ കഴിഞ്ഞില്ല.

39–ാം മിനുട്ടില്‍ ക്രിസ് വുഡും 56-ാം മിനുട്ടില്‍ റോഡ്രിഗസുമാണ് ബേണ്‍ലിക്കായി ഗോള്‍ നേടിയത്. ലീഗില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്. പതിമൂന്നാം സ്ഥാനത്താണ് ബേണ്‍ലി.

ഇതേസമയം നോര്‍വിച്ച് സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ടോട്ടനം തോല്‍പ്പിച്ചു. ഡെലി അലിയും സോന്‍ ഹ്യൂംഗ് മിനുമാണ് ടോട്ടനത്തിന്റെ സ്‌കോറര്‍മാര്‍. 38, 79 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ടീമു പുക്കിയാണ് നോര്‍വിച്ചിന്റെ ഗോള്‍ നേടിയത്. ജയത്തോടെ ലീഗില്‍ ആറാം സ്ഥാനത്താണ് ടോട്ടനം. 17 പോയിന്റ് മാത്രമുള്ള നോര്‍വിച്ച് സിറ്റിയാണ് ലീഗിലെ അവസാന സ്ഥാനക്കാര്‍.

ഞായറാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിയുമായാണ് ടോട്ടനത്തിന്റെ അടുത്ത മത്സരം. പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി വമ്പന്‍ ജയം സ്വന്തമാക്കി. വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലെസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. ലെസ്റ്ററിനായി അയോസ് പെരസ് ഇരട്ടഗോള്‍ നേടി. ബാര്‍ബോസ പെരെയ്‌റയും ഹാര്‍വി ബാര്‍നസുമാണ് മറ്റ് സ്‌കോറര്‍മാര്‍. മാര്‍ക്ക് നോബിളാണ് വെസ്റ്റ് ഹാമിന്റെ ഏകഗോള്‍ നേടിയത്. കളിയിലുടനീളം ലെസ്റ്ററിനായിരുന്നു ആധിപത്യം. ലീഗില്‍ മൂന്നാം സ്ഥാനത്താണ് ലെസ്റ്റര്‍ സിറ്റി. പതിനേഴാം സ്ഥാനത്താണ് വെസ്റ്റ് ഹാം.