മമ്മൂട്ടി ചോദിക്കുന്നു!! ; ‘വീട്ടിൽ സ്മാർട്ട് ഫോൺ വെറുതെ കിടക്കുന്നുണ്ടോ?’;നിർദ്ധന വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ പദ്ധതിയുമായി മമ്മൂട്ടി

കൊച്ചി: സംസ്ഥാനത്ത് നിർധന വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ എത്തിക്കാൻ നൂതന പദ്ധതിയുമായി നടൻ മമ്മൂട്ടി. സ്മാർട്ട്‌ ഫോൺ ഇല്ലെന്ന ഒറ്റക്കാരണത്താൽ കൊറോണ കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വഴിമുട്ടിയ വിദ്യാർത്ഥികൾക്ക് കരുതലും കരുത്തുമായാണ് താരത്തിന്റെ ഇടപെടൽ.

വീടുകളിൽ വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ മൊബൈലുകൾ ഇത്തരം കുട്ടികൾക്ക് കൈമാറാണമെന്ന അഭ്യർത്ഥനയുമായാണ് “വിദ്യാമൃതം” എന്ന പേരിലുള്ള പദ്ധതി മമ്മൂട്ടി പ്രഖ്യാപിച്ചു. തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങൾ ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

“സ്മാർട്ട്‌ ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്മാർട്ട്‌ ഫോൺ, ടാബ്‌ലറ്റ്, ലാപ്ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും അത് ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു.”മമ്മൂട്ടി പറഞ്ഞു.

സ്മാർട്ട്‌ ഫോൺ, ലാപ്ടോപ് തുടങ്ങി ഓൺലൈൻ വിദ്യാഭ്യാസത്തിനു സഹായകമായ കരമായ ഉപകരണങ്ങൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ അത് ഒരു കവറിലക്കി തൊട്ടടുത്തുള്ള “സ്പീഡ് ആൻഡ് സേഫ് ” കൊറിയർ ഓഫീസിൽ എത്തിച്ചാൽ മാത്രം മതി. കൊറിയർ ഓഫീസിൽ ഒരു ഡിക്ലറേഷൻ കൂടി കൊടുത്തുകഴിഞ്ഞാൽ ദാതാവിന് സൗജന്യമായി മൊബൈൽ കെയർ ആൻഡ് ഷെയർ ഓഫീസിലേക്ക് അയക്കാവുന്നതാണ്. അവിടെ ലഭിക്കുന്ന മൊബൈലുകൾ മുൻഗണനാക്രമത്തിൽ കുട്ടികൾക്ക് എത്തിച്ചു കൊടുക്കും.

പദ്ധതിക്ക് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർ നാണഷാനലിന്റെ പിന്തുണയുമുണ്ട്. കൊറിയർ ഓഫീസിൽ ബന്ധപ്പെടാൻ ബുദ്ധിമുട്ട് ഉള്ളവർക്കും ആരോഗ്യ പ്രശ്നം ഉള്ള ദാതാക്കളേയും ഫാൻസ്‌ അംഗങ്ങൾ സഹായിക്കും. അവർ പ്രസ്തുത വീടുകളിൽ എത്തി ഉപകരണങ്ങൾ ശേഖരിച്ചു തുടർ നടപടികൾക്ക് സഹായിക്കും. ലഭിക്കുന്ന മൊബൈല്കൾക്ക് കൃത്യമായി രസീത് എത്തിച്ചു കൊടുക്കാനുള്ള സംവിധാനങ്ങളും ഏർപ്പാട് ചെയ്തിട്ടുണ്ട്.

ആദിവാസി മേഖലകളിൽ നിന്നും നിർദ്ധന കുടുംബങ്ങളിൽ നിന്നുമായി നൂറു കണക്കിന് അഭ്യർത്ഥനകൾ ഇതിനോടകം കെയർ ആൻഡ് ഷെയറിനു ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അടിയന്തിര പ്രാധാന്യത്തോടെ ഈ പദ്ധതി നടപ്പാക്കുന്നത്.