തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൂജവയ്പ്, വിദ്യാരംഭം തുടങ്ങിയവയിൽ ആൾക്കൂട്ട ആഘോഷങ്ങൾ ഒഴിവാക്കാൻ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശം പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.
വിദ്യാരംഭവുമായി ബന്ധപ്പെട്ട് ഒഴിവാക്കാനാവാത്ത ചടങ്ങുകൾക്ക് ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. വിദ്യാരംഭവും ബൊമ്മഗൊലുവുമായും ബന്ധപ്പെട്ടുള്ള ചടങ്ങുകൾ വീടുകളിലോ രണ്ടോ മൂന്നോ അടുത്ത കുടുംബങ്ങൾ ചേർന്നുള്ള സുരക്ഷിതമായ ക്ലസ്റ്ററുകളിലോ മാത്രമേ നടത്താൻ പാടുള്ളൂ.
കണ്ടെയ്ൻമെന്റ് സോണുകളിൽ വീടുകൾക്ക് പുറത്ത് ഒരു ചടങ്ങും സംഘടിപ്പിക്കരുത്. 65 വയസിന് മുകളിലുള്ളവർ, മറ്റ് രോഗമുള്ളവർ, ഗർഭിണികൾ, 10 വയസിന് താഴെയുള്ള കുട്ടികൾ എന്നിവർ വീട്ടിൽ തന്നെ കഴിയേണ്ടതാണ്.
വ്യക്തികൾ എല്ലാവരും ആറ് അടി ശാരീരിക അകലം പാലിക്കണം. എല്ലാവരും നിർബന്ധമായും മാസ്കുകൾ ധരിക്കണം. ഏതെങ്കിലും പ്രതലത്തിലോ ഉപകരണങ്ങളിലോ തൊട്ടാൽ ഉടനെ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകേണ്ടതാണ്. അതിനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതാണ്. സ്പർശിക്കാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് തുടർച്ചയായി അണുവിമുക്തമാക്കണം.
വിദ്യാരംഭ സമയത്ത് നാവിൽ സ്വർണം കൊണ്ടെഴുതുന്നെങ്കിൽ അത് അണുവിമുക്തമാക്കിയിരിക്കണം. ആ സ്വർണം വീണ്ടും അടുത്ത കുട്ടിക്ക് ഉപയോഗിക്കരുത്. കൊറോണ വൈറസ് പെട്ടെന്ന് ബാധിക്കുന്നത് വായിലൂടെയും മൂക്കിലൂടെയുമാണെന്ന് ഓർക്കുക. അതിനാൽ ഓരോ കുട്ടിയേയും എഴുത്തിനിരുത്തുന്നതിന് മുമ്പും ശേഷവും എഴുത്തിനിരുത്തുന്നയാൾ കൈകൾ സോപ്പ് ഉപയോഗിച്ച് ഫലപ്രദമായി കഴുകേണ്ടതാണ്.
ചെറുതാണെങ്കിലും രോഗലക്ഷണമുള്ള ഒരാളും കുട്ടികളെ എഴുത്തിനിരുത്തരുത്. മധുരപലഹാരം, ഭക്ഷണം എന്നിവ കഴിക്കുമ്പോൾ ഒത്തുകൂടാതെ നിശ്ചിത അകലം പാലിക്കണം. ചടങ്ങുകളിൽ പങ്കെടുക്കുന്ന എല്ലാവരുടേയും പേരും ഫോൺ നമ്പരും എഴുതി സൂക്ഷിക്കേണ്ടതാണ്.
പനി, തൊണ്ടവേദന, ജലദോഷം, മൂക്കൊലിപ്പ്, ചുമ, മണമില്ലായ്മ, രുചിയില്ലായ്മ, ക്ഷീണം എന്നീ രോഗ ലക്ഷങ്ങൾ ഉള്ളവർ ഒരു കാരണവശാലും ചടങ്ങളുകളിൽ പങ്കെടുക്കരുത്. അത്തരം രോഗലക്ഷണങ്ങളുള്ള കുട്ടികളുണ്ടെങ്കിൽ അവരെ വീട്ടിൽ മാത്രം എഴുത്തിനിരുത്തുക. രോഗ ലക്ഷണങ്ങൾ ഉള്ളവർക്കോ മറ്റ് സംശയങ്ങൾക്കോ ദിശ 1056 ൽ വിളിക്കാവുന്നതാണ്