തിരുവനന്തപുരം: കോൺഗ്രസിനെതിരെ രുക്ഷ വിമർശനവുമായി ജോർജ്ജ് ഓണക്കൂർ. കോൺഗ്രസിന്റെ കുഴി തോണ്ടുന്നത് കോൺഗ്രസുകാർ തന്നെയാണ്. ഡെൽഹിയിൽ ഇരിക്കുന്ന തമ്പുരാക്കൻമാർ കണ്ണടച്ചാൽ കാര്യങ്ങൾ നടക്കാതെ പോകുകയാണെന്നും ജോർജ്ജ് ഓണക്കൂർ തുറന്നടിച്ചു. തിരുവനന്തപുരത്ത് കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങിലാണ് ഓണക്കൂറിന്റെ വിമർശനം.
ചെയ്യേണ്ട കാര്യങ്ങൾ കൃത്യസമയത്ത് തന്നെ ചെയ്യാൻ നേതൃത്വം തയ്യാറാകണം. കോൺഗ്രസിലെ പുതു തലമുറയുടെ വളർച്ച കാണണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, കോൺഗ്രസ് ജനകീയസമരങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകണമെന്ന നിർദ്ദേശവും മുന്നോട്ട് വെച്ചു. തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച ചടങ്ങിൽവെച്ചായിരുന്നു ജോർജ്ജ് ഓണക്കൂറിന്റെ വിമർശനം.
അതേസമയം സംസ്ഥാന കോണ്‍ഗ്രസിലെ തമ്മിലടി രൂക്ഷമായിരിക്കെ സോണിയ ഗാന്ധിയുമായി രമേശ് ചെന്നിത്തല നാളെ കൂടിക്കാഴ്ച നടത്തും. എഐസിസി പുനസംഘടന നടക്കാനിരിക്കേ സംസ്ഥാന നേതൃത്വം ഉന്നയിച്ച പരാതികളില്‍ തന്റെ ഭാഗം ന്യായീകരിക്കാനാണ് ചെന്നിത്തലയെത്തുന്നത്. ഐഎന്‍ടിയുസി കലാപത്തിനും മാണി സി കാപ്പന്റെ പ്രതിഷേധത്തിനും പിന്നില്‍ ചെന്നിത്തലയാണെന്ന പരാതിയും ഹൈക്കമാന്‍ഡിന് മുന്നിലുണ്ട്.
പ്രതിപക്ഷ നേതൃസ്ഥാനം വീണ്ടും നല്‍കാത്തത് മുതല്‍ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിലാണ്. പുതിയ നേതൃത്വം വന്ന ശേഷം തന്നെ പരിഗണിക്കുന്നേയില്ലെന്നാണ് പരാതി. മുന്‍പ് നടന്ന ഡെൽഹി യാത്രകളില്‍ രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ട് പരിഭവമറിയിച്ചെങ്കിലും ഗുണമുണ്ടായില്ല. ഇതിനിടെ കെസി, സതീശന് ഗ്രൂപ്പുകള്‍ ചെന്നിത്തലക്കെതിരെ ഒന്നിക്കുകയും ചെയ്തു.സൂപ്പര്‍ പ്രതിപക്ഷ നേതാവാകാന്‍ ചെന്നിത്തല ശ്രമിക്കുന്നുവെന്ന പരാതിക്ക് പിന്നാലെ കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണത്തിന് നിര്‍ദ്ദേശം നല്കി എന്നാരോപിച്ചുള്ള ശബ്ദരേഖയക്കം നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
സതീശനെതിരെ ഐഎന്‍ടിയുസിയെ തിരിച്ചുവിട്ടതിന് പിന്നിലും മാണി സി കാപ്പനെ ഇളക്കി വിട്ടതിന് പിന്നിലും ചെന്നിത്തലയാണെന്നാണ് പുതിയ ആക്ഷേപം. എഐസിസി പുനസംഘടനയില്‍ ചെന്നിത്തല പരിഗണിക്കപ്പെട്ടേക്കുമെന്ന സൂചനകള്‍ക്കിടെയാണ് കെസി- വിഡി ഗ്രൂപ്പുകള്‍ നീക്കം കടുപ്പിക്കുന്നത്. നേതൃ തലത്തില്‍ തന്നെ തനിക്കെതിരെ പടയൊരുക്കം നടക്കുന്നുവെന്നുള്ള പരാതി ചെന്നിത്തല ബോധിപ്പിക്കും. പുതിയ നേതൃത്വത്തിന്റെ തമ്മിലടിയും, പുനസംഘടന മുടങ്ങിയതും ആയുധമാക്കിയേക്കും. ഒപ്പം സംഘടന ജനറൽ സെക്രട്ടറിക്കെതിരായ കുറ്റപത്രവും ചെന്നിത്തല സോണിയക്ക് മുന്പില് വയ്ക്കാനാണ് സാധ്യത.