ഗുജറാത്ത് കലാപം; നരേന്ദ്രമോദി കുറ്റക്കാരനല്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ സുപ്രീംകോടതി ശരിവച്ചു

ന്യൂഡെൽഹി: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റക്കാരനല്ലെന്നു കണ്ടെത്തിയ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നടപടി സുപ്രീംകോടതി ശരിവച്ചു. നരേന്ദ്ര മോദിക്കും മറ്റ് 63 പേര്‍ക്കും പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയത് ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 2002-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് 63 പേര്‍ക്കുമാണ് സുപ്രീം കോടതി ഇന്നത്തെ വിധിയോടെ ക്ലീന്‍ ചിറ്റ് നല്‍കിയത്.  

ഇവരെ കുറ്റവിമുക്തരാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനത്തിനെതിരേയാണ് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് എഹ്സാന്‍ ജാഫ്രിയുടെ വിധവ സാകിയ ജാഫ്രി ഹര്‍ജി സമര്‍പ്പിച്ചത്. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന അക്രമത്തിനിടെയാണ് എഹ്സാന്‍ ജാഫ്രി കൊല്ലപ്പെട്ടത്. പ്രത്യേത അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ഗുജറാത്ത് ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇതിനെതിരേയാണ് സാകിയ സുപ്രീം കോടതിയിലെത്തിയത് 

ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കറും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന്റെ കോച്ച് കത്തിച്ച് 59  കര്‍സേവര്‍ കൊല്ലപ്പെടുകയും സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുകയും ചെയ്തതിന് ഒരു ദിവസത്തിന് ശേഷം, 2002 ഫെബ്രുവരി 28-ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട 68 പേരില്‍ മുന്‍ എംപി എഹ്സാന്‍ ജാഫ്രിയും ഉള്‍പ്പെടുന്നു. ഈ ആക്രമണത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് തുടര്‍ കേസുകള്‍ ഉണ്ടായത് .

2012 ഫെബ്രുവരി 8 ന്, മോദിക്കും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 63 പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള ക്ലോഷര്‍ റിപ്പോര്‍ട്ട് എസ് ഐടി സമര്‍പ്പിച്ചു, അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാവുന്ന തെളിവുകളൊന്നുമില്ലെന്ന് കണ്ടെത്തി 
പ്രത്യേക അന്വേഷണ സംഘം ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അധികാര കേന്ദ്രങ്ങളോടു സഹകരിച്ചാണ് അന്വേഷണം നടത്തിയതെന്നും ഹര്‍ജിക്കാരിക്കു വേണ്ടി ഹാജരായ വക്കീല്‍ കപില്‍ സിബല്‍ വാദിച്ചു.

എസ് ഐടി റിപ്പോര്‍ട്ട് ഏറെ സംശയാസ്പദവും പലയിടങ്ങളിലും നിശ്ശബ്ദത പാലിക്കുന്നതുമാണ്. ഗൂഢാലോചനക്കാരെ സംരക്ഷിക്കാനുള്ള വീഴ്ചകള്‍ നിറഞ്ഞ അന്വേണത്തില്‍ എസ്ഐടിയിലെ ഉദ്യോഗസ്ഥര്‍ക്കും പോലീസിനും മികച്ച പ്രതിഫലമാണ് ലഭിച്ചതെന്നും സാക്കിയ ജാഫ്രിക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രീം കോടതിയെ അറിയിച്ചു. സാക്കിയ ജാഫ്രിയുടെ ഹര്‍ജിക്കു  പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങളാണുള്ളതെന്ന് എസ്‌ഐടിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ബെഞ്ചിനോട് പറഞ്ഞു.