യശ്വന്ത്‌ സിന്‍ഹയെ രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയാക്കിയ പ്രതിപക്ഷ തന്ത്രം വിജയിക്കുമോ

ന്യൂഡെൽഹി: ഒരിക്കൽ ബിജെപിയുടെ നാവായിരുന്ന യശ്വന്ത്‌ സിന്‍ഹയെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ സ്‌ഥാനാര്‍ഥിയാക്കി പ്രതിപക്ഷ തന്ത്രം. ജനതാപരിവാറിലൂടെയാണ് സിന്‍ഹയുടെ തുടക്കം. പിന്നീട്‌ ബി.ജെ.പി. കൂടാരത്തില്‍. ഒടുവില്‍ ബി.ജെ.പിയുടെ കടുത്ത വിമര്‍ശകന്‍.

പൊതുസ്‌ഥാനാര്‍ഥിക്കായി തലപുകച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ എത്തിച്ചേര്‍ന്നത്‌ യശ്വന്ത്‌ സിന്‍ഹയില്‍.
സിവില്‍ സര്‍വീസ്‌ വിട്ടാണ്‌ സിന്‍ഹ രാഷ്‌ട്രീയത്തിലേക്കു കടന്നത്‌. 1937 നവംബര്‍ ആറിനു ജനനം. പട്‌ന സര്‍വകലാശാലയില്‍നിന്നു രാഷ്‌ട്രതന്ത്രശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സിന്‍ഹ പിന്നീട്‌ അവിടെ അധ്യാപകനായി. 1960 ല്‍ ഐ.എ.എസില്‍ ചേര്‍ന്നു. 24 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ നിരവധി പദവികള്‍ വഹിച്ചു.

1984 ല്‍ സിവില്‍ സര്‍വീസില്‍നിന്നു രാജിവച്ച്‌ സജീവരാഷ്‌ട്രീയത്തിലേക്ക്‌. ജനതാപാര്‍ട്ടിയില്‍ ചേര്‍ന്ന സിന്‍ഹ 1986 ല്‍ പാര്‍ട്ടിയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി. 1988 ല്‍ രാജ്യസഭാംഗം.
വി.പി. സിങ്ങിന്റെ നേതൃത്വത്തില്‍ ജനതാദള്‍ രൂപീകരിച്ചപ്പോള്‍ സിന്‍ഹ അതിന്റെ ജനറല്‍ സെക്രട്ടറിയായി. 1990 നവംബര്‍ മുതല്‍ 1991 ജൂണ്‍ വരെ ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ ധനമന്ത്രി. പിന്നീട്‌ ബി.ജെ.പിയില്‍ ചേര്‍ന്ന സിന്‍ഹ 1996 ല്‍ പാര്‍ട്ടിയുടെ ദേശീയ വക്‌താവായി. 1998 ല്‍ വാജ്‌പേയി മന്ത്രിസഭയില്‍ ധനമന്ത്രി.

ഝാര്‍ഖണ്ഡിലെ ഹസാരിബാഗ്‌ മണ്ഡലത്തില്‍നിന്നാണു സിന്‍ഹ ലോക്‌സഭയിലേക്കു മത്സരിച്ചിരുന്നത്‌. 2014 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സിന്‍ഹയ്‌ക്കു സീറ്റ്‌ നിഷേധിച്ചു. പകരം മകന്‍ ജയന്തിനു സീറ്റ്‌ നല്‍കി. 2018 ല്‍ സജീവ രാഷ്‌ട്രീയത്തില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം പശ്‌ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും പാര്‍ട്ടിയുടെ വൈസ്‌ പ്രസിഡന്റ്‌ ആകുകയും ചെയ്‌തു.