ന്യൂഡെല്‍ഹി: ലോകത്തെ മുന്‍നിര ടെക് കമ്പനിയായ ഗൂഗിളിന് വീണ്ടും പിഴ ചുമത്തി ഇന്ത്യ. കോംപെറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയാണ് ഗൂഗിളിനോട് 936 കോടി രൂപ കൂടി പിഴ അടയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. കമ്പനിയുടെ പേയ്മെന്റ് ആപ്പിനും പേയ്മെന്റ് സംവിധാനത്തിനും കൂടുതല്‍ പ്രചാരണം ലഭിക്കാന്‍ വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി
ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഗൂഗിളില്‍ നിന്നും ഇന്ത്യ പിഴ ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ഗൂഗിളിന് 133.76 കോടി രൂപയാണ് പിഴ ചുമത്തിയത്. ആന്‍ഡ്രോയ്ഡ് ഫോണുകളെ വാണിജ്യതാത്പര്യം മുന്‍നിര്‍ത്തി ചൂഷണം ചെയ്തതിനാണ് വന്‍ പിഴ ചുമത്തിയത്. മറ്റ് സമാന ആപ്പുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതായും കണ്ടെത്തി. ന്യായമല്ലാത്ത വിപണനരീതികള്‍ പാടില്ലെന്നും കോംപെറ്റീഷന് കമ്മീഷന് മുന്നറിയിപ്പ് നല്കി. ഗൂഗിളിന്റെ സേര്‍ച്ച് എഞ്ചിന് ഉപയോഗിക്കാന്‍ ഒരു സാമ്പത്തിക ഓഫറുകളും സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കരുതെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.