കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗലൂരു എഫ് സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ അപമാനിച്ചെന്ന് പരാതി. ട്രോഫി നല്കിയ ശേഷം ചിത്രമെടുക്കുന്നതിനിടെ സുനില്‍ ഛേത്രിയെ ഗവര്‍ണര്‍ ലാ ഗണേശന് കൈകൊണ്ട് തള്ളി മാറ്റുന്ന വീഡിയോ പുറത്തുവന്നു. ഫോട്ടോയില്‍ തന്റെ മുഖം കൃത്യമായി പതിയുന്നതിന് വേണ്ടിയാണ് ഗവര്‍ണര്‍ ക്യാപ്റ്റനെ തള്ളിമാറ്റിയത്. ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കൂടിയായ ഛേത്രിയെ ഗവര്‍ണര്‍ അപമാനിച്ചതായി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ആരോപിച്ചു.
ബെംഗലൂരു താരമായ ശിവശക്തി നാരായണനെ സമ്മാനദാനത്തിനിടെ അതിഥികളില്‍ ഒരാള്‍ തള്ളിനീക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഫോട്ടോയില്‍ ഇടംപിടിയ്ക്കാനാണ് അതിഥികള്‍ ഫുട്ബോള്‍ താരങ്ങളെ തള്ളിനീക്കുന്നതെന്നും യഥാര്‍ത്ഥത്തില്‍ ആരാണ് ട്രോഫി നേടിയതെന്നും ആരോധകര്‍ സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുന്നു.
കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലലില്‍ മുംബൈ സിറ്റി എഫ് സിയെ തോല്‍പ്പിച്ചാണ് ബെംഗലൂരു എഫ് സി കിരീടം നേടിയത്. സുനില്‍ ഛേത്രിയുടെ ക്യാപ്റ്റന്‍സി മികവില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബെംഗലൂരുവിന്റെ വിജയം.